മോസ്കോ: ക്യൂബയിലേക്ക് രണ്ടാമതൊരു എണ്ണക്കപ്പൽ കൂടി അയക്കാൻ റഷ്യ പദ്ധതിയിടുന്നതായി ഊർജ്ജ മന്ത്രി സെർജി സിവില്യോവ്. ഉപരോധം മറികടന്ന് ‘അനാറ്റോലി കൊളോഡ്കിൻ’ എന്ന റഷ്യൻ ടാങ്കർ 730,000 ബാരൽ എണ്ണയുമായി ക്യൂബയിലെ മാറ്റാൻസാസ് തുറമുഖത്ത് എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായാണ് ഒരു എണ്ണക്കപ്പൽ ക്യൂബയിൽ എത്തുന്നത്.
കസാനിൽ നടന്ന ഊർജ്ജ ഫോറത്തിൽ സംസാരിക്കവെ, പൂർണ്ണമായ ഉപരോധത്തിൽ കഴിയുന്ന ക്യൂബയെ പ്രതിസന്ധിയിൽ ഒറ്റയ്ക്കിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. റഷ്യൻ കപ്പലുകൾ ഉപരോധം ഭേദിച്ചാണ് സഹായമെത്തിക്കുന്നത്. രണ്ടാമത്തെ കപ്പലിൽ നിലവിൽ എണ്ണ നിറച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഉടൻ തന്നെ ക്യൂബയിലേക്ക് തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം ഇന്ധന ആവശ്യത്തിന്റെ 40% മാത്രമാണ് ക്യൂബ ഉൽപ്പാദിപ്പിക്കുന്നത്. ഊർജ്ജ ആവശ്യങ്ങൾക്കായി ഇറക്കുമതിയെയാണ് രാജ്യം പ്രധാനമായും ആശ്രയിക്കുന്നത്. ഇപ്പോൾ അയക്കുന്ന രണ്ടാമത്തെ കപ്പലിലെ എണ്ണ ഉപയോഗിച്ച് ഏകദേശം 180,000 ബാരൽ ഡീസൽ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ദ്വീപ് രാഷ്ട്രത്തിന്റെ പത്ത് ദിവസത്തെ ഇന്ധന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാകുമെന്നാണ് കണക്കുകൂട്ടൽ.
