വിനിപെഗ്: മാനിറ്റോബ സർവ്വകലാശാലയിൽ ട്യൂഷൻ ഫീസിൽ വരുത്തിയ 4% വർധനവിനെതിരെ പ്രതിഷേധ റാലി നടത്തി വിദ്യാർത്ഥികൾ. ജീവിതച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പഠനം എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിലാണ് തങ്ങളെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു. പല വിദ്യാർത്ഥികളും പഠനച്ചെലവ് കണ്ടെത്താനായി ഒന്നിലധികം ജോലികൾ ചെയ്യുന്നുണ്ടെങ്കിലും യാത്രയ്ക്കും പുസ്തകങ്ങൾക്കുമായി വലിയ തുക ചെലവാകുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഫീസ് വർധന ബിരുദ പഠനം വൈകിപ്പിക്കാൻ കാരണമാകുമെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. നിലവിൽ തന്നെ ഓരോ സെമസ്റ്ററിലും വലിയ തുക ഫീസായി നൽകേണ്ടി വരുന്നുണ്ട്. ഇതിനുപുറമെ നാല് ശതമാനം കൂടി വർധിക്കുന്നത് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാനാവില്ലെന്നും, മികച്ച തൊഴിൽ നേടാൻ വിദ്യാഭ്യാസം അത്യാവശ്യമായ ഈ കാലത്ത് ഇത്തരം നീക്കങ്ങൾ ഉന്നതപഠനത്തെ അപ്രാപ്യമാക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം, പടിഞ്ഞാറൻ കാനഡയിലെ ഏറ്റവും കുറഞ്ഞ ട്യൂഷൻ ഫീസാണ് മാനിറ്റോബയിലേതെന്ന് അഡ്വാൻസ്ഡ് എഡ്യൂക്കേഷൻ മന്ത്രി റെനീ കേബിൾ പറഞ്ഞു. ദേശീയ ശരാശരിയേക്കാൾ 22.5% കുറവാണ് ഇവിടുത്തെ നിരക്കുകളെന്നും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സ്കോളർഷിപ്പുകളും പലിശരഹിത വായ്പകളും നൽകുന്നുണ്ടെന്നും സർവ്വകലാശാലാ അധികൃതർ വ്യക്തമാക്കി. എന്നാൽ ഈ ആനുകൂല്യങ്ങൾ എല്ലാ വിദ്യാർത്ഥികളുടെയും പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.
