ന്യൂഡൽഹി: ഇന്ത്യൻ വിവാഹവിപണിയിൽ പുതിയൊരു ട്രെൻഡ് പടരുന്നു— ‘മൗഞ്ചാരോ ബ്രൈഡ്സ്. വിവാഹത്തിന് മുമ്പ് ചുരുങ്ങിയ കാലയളവിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ ഭാവിയുള്ള വധുക്കളും വരന്മാരും വൻതോതിൽ വെയ്റ്റ് ലോസ് കുത്തിവെപ്പുകളെ ആശ്രയിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഡൽഹിയിലെയും മുംബൈയിലെയും പ്രമുഖ വെൽനസ് ക്ലിനിക്കുകൾ വധുക്കൾക്കായി പ്രത്യേക ‘മൗഞ്ചാരോ പാക്കേജുകൾ’ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വിവാഹത്തിന് മുമ്പുളള ചർമ്മ സംരക്ഷണത്തിനും ഹെയർ സ്റ്റൈലിംഗിനും ഒപ്പം വെയ്റ്റ് ലോസ് ഇഞ്ചക്ഷനുകളും ഇപ്പോൾ ‘പ്രീ-വെഡിങ് ട്രാൻസ്ഫോർമേഷൻ’ പാക്കേജിന്റെ ഭാഗമായതാണ് പുതിയ രീതി. പൊണ്ണത്തടി കുറയ്ക്കാനുള്ള കുത്തിവെപ്പുകളെക്കുറിച്ച് ക്ലിനിക്കുകളിൽ എത്തുന്ന അന്വേഷണങ്ങളിൽ 20 ശതമാനവും വിവാഹം നിശ്ചയിച്ച വധുക്കളിൽ നിന്നാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

എലി ലില്ലി കമ്പനിയുടെ ‘മൗഞ്ചാരോ’ നോവോ നോർഡിസ്കിന്റെ ‘വെഗോവി’ എന്നിവയ്ക്കാണ് വിപണിയിൽ ആവശ്യക്കാരേറെ. ഇതിൽ മൗഞ്ചാരോയ്ക്കാണ് ഇന്ത്യയിൽ കൂടുതൽ പ്രിയം. ഇന്ത്യയിൽ മൗഞ്ചാരോ കുത്തിവെപ്പിന് മാസം 13,125 രൂപ മുതൽ 25,781 രൂപ വരെയാണ് വില. വെഗോവിക്ക് 5,660 രൂപ മുതൽ 16,400 രൂപ വരെയും ചെലവ് വരും. പ്രമേഹത്തിനും അമിതവണ്ണത്തിനും ചികിത്സയായി നൽകേണ്ട ഈ മരുന്നുകൾ കേവലം സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായിഉപയോഗിക്കുന്നതിനെതിരെ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിയർക്കാതെയും വ്യായാമം ചെയ്യാതെയും ഭാരം കുറയ്ക്കാനുള്ള ഈ ‘ഷോർട്ട് കട്ട്’ പലപ്പോഴും പാർശ്വഫലങ്ങൾക്കും ഇടയാക്കാം. വിവാഹ ആലോചനകളുടെ സമയത്ത് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങ്ങും സാമൂഹിക സമ്മർദ്ദവുമാണ് പെൺകുട്ടികളെ ഇത്തരം കുറുക്കുവഴികൾ തേടാൻ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഇത്തരം മരുന്നുകളുടെ അനധികൃത വിൽപനയ്ക്കും പരസ്യങ്ങൾക്കും എതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറുടെ കൃത്യമായ നിർദ്ദേശമില്ലാതെ ഇത്തരം കുത്തിവെപ്പുകൾ എടുക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
