റാവൽപ്പിണ്ടി: പാക്കിസ്ഥാനിൽ ഇന്ധനവില കുത്തനെ കൂട്ടിയതിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധം. പെട്രോൾ വില ലിറ്ററിന് 459 പാക്കിസ്ഥാനി രൂപയായി വർധിപ്പിച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഈ നടപടി സാധാരണക്കാരന്റെ സാമ്പത്തിക ശേഷിയെ തകർക്കുമെന്നും വ്യവസായ, കാർഷിക മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നും റാവൽപിണ്ടിയിലെയും ഇസ്ലാമാബാദിലെയും ആളുകൾ ആശങ്ക പ്രകടിപ്പിച്ചു.
പച്ചക്കറി, മാവ്, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങളുടെ വില വർധിച്ചു. ഗതാഗത നിരക്കുകളും സ്കൂൾ വാൻ ഫീസും കുത്തനെ കൂട്ടി. അന്താരാഷ്ട്ര വിപണിയേക്കാൾ ഉയർന്ന വില ഈടാക്കുന്നത് ലിറ്ററിന് 160.61 രൂപയോളം വരുന്ന ഭീമമായ പെട്രോളിയം ലെവി മൂലമാണെന്ന് റാവൽപിണ്ടി ചേംബർ ഓഫ് കൊമേഴ്സ് ആരോപിച്ചു. ഇത് സാമ്പത്തിക അടിച്ചമർത്തൽ ആണെന്ന് രാഷ്ട്രീയ നേതാക്കളും ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ, ഇസ്ലാമാബാദിലെ പൊതുഗതാഗത സംവിധാനം ഒരു മാസത്തേക്ക് സൗജന്യമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ശനിയാഴ്ച മുതൽ ഈ ആശ്വാസ നടപടി നിലവിൽ വരും. എങ്കിലും, ഈ താൽക്കാലിക ആശ്വാസം സാധാരണക്കാരുടെ ദീർഘകാല സാമ്പത്തിക ബാധ്യതകൾക്ക് പരിഹാരമാകില്ലെന്നാണ് വിലയിരുത്തൽ.
