ബർലിൻ: 14 വർഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധകാലത്ത് അഭയം തേടി ജർമ്മ നിയിലെത്തിയ 7.2 ലക്ഷത്തോളം സിറിയക്കാർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ ജർമ്മൻ അധികൃതർ നിർദ്ദേശം നൽകി. അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സിറിയയിലെ സാഹചര്യം അടിസ്ഥാനപരമായി മാറിയെന്നും സംരക്ഷണത്തിനുള്ള ആവശ്യകത പുനഃപരിശോധിക്കണമെന്നും ചാൻസലർ ഫ്രീഡ്രിക് മെർസ് പറഞ്ഞു. ബെർലിനിൽ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ-ഷറായുമായി ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് മെർസ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മൂന്ന് വർഷ ത്തിനുള്ളിൽ നിലവിൽ ജർമ്മനിയിൽ താമസിക്കുന്ന 80 ശതമാനത്തോളം സിറിയക്കാർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നാണ് പ്രസിഡന്റ് അൽ-ഷറായുടെയും ആഗ്രഹമെന്നും മെർസ് വ്യക്തമാക്കി. ഇവിടെ തുടരാൻ ആഗ്രഹിക്കുന്നവരും നല്ല രീതിയിൽ സമൂഹത്തിന്റെ ഭാഗമായി മാറിയവരുമായ ആളുകൾ ഇവിടെ തുടരുന്നതിൽ വിയോജിപ്പില്ലെന്നും മെർസ് കൂട്ടിച്ചേർത്തു. സാധുവായ താമസ അവകാശമില്ലാത്ത വർക്കാണ് ആദ്യഘട്ടത്തിൽ മടങ്ങിപ്പോകാൻ നിർദ്ദേശം നൽകുക എന്നും മെർസ് വ്യക്തമാക്കി. അതേ സമയം മെർസ് വ്യക്തമാക്കിയ 80 ശതമാനം എന്ന കണക്ക് അൽ-ഷറാ സ്ഥിരീകരിച്ചില്ല. ജർമ്മനിയിലെ സിറിയൻ അഭയാർത്ഥികളിൽ ആശുപത്രികളിൽ ജോലി ചെയ്യുന്ന 6,000 ഡോക്ടർമാരും ജർമ്മൻ സമ്പദ്‌വ്യവസ്ഥയ്ക്ക് സജീവമായി സംഭാവന നൽകുന്ന 2.5 ലക്ഷത്തിലധികം നികുതിദായകരും ഉൾപ്പെടുന്നുണ്ട് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇരു രാജ്യങ്ങളുടെയും പൊതു ദേശീയ സ്വത്തുക്കൾ എന്നാണ് ഇവരെ അദ്ദേഹം വിശേഷിപ്പിച്ചത്. കഴിവുള്ള സിറിയക്കാർക്ക് ജർമ്മനിയിലെ ജീവിതവും സ്ഥിരതയും ഉപേക്ഷിക്കാതെ തന്നെ സ്വന്തം നാടിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളാകാൻ അനുവദിക്കുന്ന ഒരു ചാക്രിക കുടിയേറ്റ മാതൃക സൃഷ്ടിക്കാൻ തങ്ങൾ ജർമ്മൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അൽ-ഷറാ വാഗ്‌ദാനം ചെയ്‌തു.

2024 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം ഒരു ദശലക്ഷത്തോളം സിറിയക്കാർ ജർമ്മനിയിൽ താമസിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സിറിയൻ സമൂഹമാണിത്. 7.12 ലക്ഷത്തിലധികം പേർക്ക് ഔദ്യോഗികമായി അഭയാർത്ഥി പദവിയോ താത്കാലിക സംരക്ഷണമോ ലഭിച്ചിട്ടുണ്ട്. ഇവരിൽ 2.44 ലക്ഷത്തിലധികം പേർക്ക് ജർമ്മൻ പൗരത്വവും ലഭിച്ചിട്ടുണ്ട്. അതേ സമയം പുതിയ നീക്കത്തെ ജർമ്മനിയിലെ പ്രതിപക്ഷ ഗ്രീൻ പാർട്ടിയിലെ ഫ്രാൻസിസ്ക ബ്രാന്റ്നർ നയത്തെ വിമർശിച്ചു. പലരും ജർമ്മനിയുമായി ആഴത്തിൽ ബന്ധപ്പെട്ടവരാണെന്നും മടങ്ങിപ്പോകാനുള്ള ലക്ഷ്യം അശ്രദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. പലർക്കും, സിറിയയിലേക്ക് മടങ്ങിപ്പോകുക എന്നത് ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണെന്നും ബ്രാന്റ്നർ ഓർമ്മിപ്പിച്ചു. അതേസമയം, യുകെയിലെ ലേബർ സർക്കാരും ചാനൽ കടന്ന് എത്തുന്ന അഭയാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ഫ്രഞ്ച് പോലീസ് നിരീക്ഷണത്തിന് ധനസഹായം നൽകുന്നതിനായി വിമർശനത്തിന് വിധേയമായ കരാർ കൂടുതൽ കാലത്തേക്ക് നീട്ടുന്നതിനായി നികുതിദായകരിൽ നിന്ന് 16 ദശലക്ഷം പൗണ്ട് കൂടി ചെലവഴിക്കേണ്ടിവരും. കൂടുതൽ കടന്നുവരുന്നത് തടയാൻ ഫ്രഞ്ച് പോലീസിന് പ്രോത്സാഹനം നൽകുന്നത് ഉൾപ്പെടുന്ന മികച്ച കരാറിനായി ആഭ്യന്തരകാര്യ സെക്രട്ടറി ഷബാന മഹ്മൂദ് ശ്രമിക്കുകയാണ്. 2023-ൽ ഒപ്പുവച്ച 475 ദശലക്ഷം പൗണ്ട് മൂല്യമുള്ള കരാർ പ്രകാരം ഇപ്പോൾ മൂന്നിലൊന്ന് ബോട്ടുകൾ മാത്രമാണ് പോലീസ് തടയുന്നത്. കുടിയേറ്റ പരിഷ്കാരങ്ങൾക്കെതിരെ വാദിച്ചതിന് മുൻപ് ആഴ്ച ലേബർ പാർട്ടിയിലെ മുതിർന്ന എംപിയായ ഡെയിം എമിലി തോൺബെറി സഹപ്രവർത്തകരുടെ വിമർശനത്തിന് വിധേയയായിരുന്നു. തന്റെ പദ്ധതികളെക്കുറിച്ച് കിയർ സ്റ്റാർമർ വീണ്ടും ചിന്തിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കാരണം ഇത് 90,000 വിദേശ കുട്ടികൾക്ക് നികുതിദായകരുടെ പണത്തിൽ നിന്നുള്ള സഹായം ലഭിക്കുന്നത് തടയുമെന്ന് അവർ പറഞ്ഞു. കുടിയേറ്റം നിയന്ത്രിക്കുക എന്നത് നോർത്ത് ഡർഹാമിലെ എന്റെ നിയോജകമണ്ഡലത്തിലെ ആളുകൾ എന്നോട് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന പ്രധാന പ്രശ്നമാണെന്ന് നോർത്ത് ഡർഹാമിലെ ലേബർ എംപിയായ ലൂക്ക് അക്ക്ഹർസ്റ്റ് വ്യക്തമാക്കി.
