Tuesday, April 7, 2026

വാതക പൈപ്പ്‌ലൈനിന് സമീപം സ്ഫോടകവസ്തുക്കൾ; സെർബിയ-ഹം​ഗറി അതിർത്തിയിൽ ​ജാ​ഗ്രത

ബെൽ​ഗ്രേഡ്: സെർബിയ-ഹംഗറി അതിർത്തിയിലെ റഷ്യൻ വാതക പൈപ്പ്‌ലൈനിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് ബാഗുകൾ കണ്ടെടുത്തതായി റിപ്പോർട്ട്. വടക്കൻ സെർബിയയിലെ കൻജിസയിൽ പൈപ്പ്‌ലൈനിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയാണ് ഡിറ്റണേറ്ററുകൾ ഘടിപ്പിച്ച നിലയിലുള്ള രണ്ട് വലിയ പാക്കറ്റുകൾ കണ്ടെത്തിയതെന്ന് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുചിച്ച് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് മേഖലയിൽ വൻ സുരക്ഷാ സന്നാഹത്തെ വിന്യസിക്കുകയും ഹെലികോപ്റ്റർ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യൻ ഊർജ്ജത്തെ വളരെയധികം ആശ്രയിക്കുന്ന സെർബിയയുടെയും ഹംഗറിയുടെയും പ്രധാന ഇന്ധന സ്രോതസ്സാണ് ഈ പൈപ്പ്‌ലൈൻ. സ്ഫോടകവസ്തുക്കളുടെ ഉറവിടത്തെക്കുറിച്ച് ഇപ്പോൾ കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പറഞ്ഞ വുചിച്ച്, പൈപ്പ്‌ലൈനിന് വലിയ നാശനഷ്ടങ്ങൾ വരുത്താനും അനേകം ജീവനുകൾ അപകടത്തിലാക്കാനും ഈ നീക്കം ലക്ഷ്യമിട്ടിരുന്നുവെന്ന് വ്യക്തമാക്കി. വിവരമറിഞ്ഞ ഉടൻ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ അടിയന്തര പ്രതിരോധ കൗൺസിൽ യോഗം വിളിച്ചുചേർത്തു.

ഹംഗറിയിൽ അടുത്ത ആഴ്ച പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ സുരക്ഷാ ഭീഷണി ഉയർന്നിരിക്കുന്നത്. ഇറാൻ യുദ്ധം മൂലം കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുകയാണെന്നും റഷ്യൻ ഊർജ്ജത്തിന് മേലുള്ള ഉപരോധങ്ങൾ യൂറോപ്യൻ യൂണിയൻ നീക്കണമെന്നും വിക്ടർ ഓർബൻ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് സർവേകളിൽ ഓർബൻ കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉടൻ ഹംഗറി സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!