ടൊറന്റോ: പടിഞ്ഞാറൻ ടൊറന്റോയിലെ വസതിയിലുണ്ടായ സംഘർഷത്തിനിടെ 20 വയസ്സുള്ള യുവതിക്ക് കുത്തേറ്റു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ ഒസ്സിംഗ്ടൺ അവന്യൂവിനും ഹാർബോർഡ് സ്ട്രീറ്റിനും സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെങ്കിലും ജീവന് ഭീഷണയില്ലെന്ന് ടൊറന്റോ പോലീസ് അറിയിച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് യുവതിക്ക് വെട്ടേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് 50 വയസ്സുകാരനെ പൊലീസ് സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തു. ഇയാളെയും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുത്തേറ്റതുമായി ബന്ധപ്പെട്ട പരിക്കുകളല്ല ഇയാൾക്കുള്ളതെന്നും മറ്റ് ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പാരാമെഡിക്കൽ വിഭാഗം അറിയിച്ചു. യുവതിയും പിടിയിലായ വ്യക്തിയും തമ്മിലുള്ള ബന്ധം എന്താണെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
