ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റിലെ യുദ്ധഭീതി ഒഴിവാക്കാന്‍ 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിനായി അമേരിക്കയും ഇറാനും പ്രാദേശിക മധ്യസ്ഥരും തീവ്രശ്രമം തുടരുന്നു. പാക്കിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്. ട്രംപിന്റെ ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറുന്നുണ്ട്.
രണ്ട് ഘട്ടങ്ങളായുള്ള കരാറാണ് പരിഗണനയിലുള്ളത്: ആദ്യ 45 ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, തുടര്‍ന്ന് യുദ്ധം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള സ്ഥിരമായ കരാര്‍ രൂപീകരിക്കുക. എന്നാല്‍ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനല്‍കാനോ യുറേനിയം ശേഖരം കുറയ്ക്കാനോ താല്‍ക്കാലിക കരാറിന്റെ ഭാഗമായി തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍.

ഇറാന്‍ വഴങ്ങുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി 20 മണിക്കൂര്‍ കൂടി നീട്ടിനല്‍കി. ചൊവ്വാഴ്ച രാത്രി 8 മണി (ET) വരെയാണ് പുതിയ സമയപരിധി. ഈ സമയത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ളവ തകര്‍ക്കുമെന്നും രാജ്യം ‘നരകതുല്യമായ’ ആക്രമണങ്ങള്‍ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വ്യാപകമായ സൈനിക നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ദി വാള്‍ സ്ട്രീറ്റ് ജേണലിനോട് വ്യക്തമാക്കി.
