ടെഹ്റാന്: ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാനെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ടെഹ്റാനില്‍ വന്‍ സ്ഫോടനങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 13 പേര് കൊല്ലപ്പെട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഷരീഫ് സര്‍വകലാശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി. സര്‍വകലാശാലയ്ക്ക് സമീപമുള്ള പ്രകൃതി വാതക വിതരണ കേന്ദ്രത്തിന് സ്ഫോടനത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം അമേരിക്കയോ ഇസ്രയേലോ ഇതുവരെ ഏറ്റെടുത്തിട്ടില്ല. അതേസമയം, പ്രതികാര നടപടിയെന്നോണം യുഎഇ ലക്ഷ്യമാക്കി ഇറാന് മിസൈല്‍ ആക്രമണം നടത്തി. അബുദാബിയിലെ മുസഫ ഐകാഡ് സിറ്റിയിലുള്ള ഒരു കമ്പനി പരിസരത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഘാന സ്വദേശിയായ തൊഴിലാളിക്ക് പരുക്കേറ്റു. മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായി തുടരുകയാണ്.
