വിനിപെഗ്: കാനഡയിലെ വർധിച്ചുവരുന്ന ഇന്ധനവില ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കകൾ സൃഷ്ടിക്കുന്നു. കുതിച്ചുയരുന്ന ഡീസൽ വില കാനഡയിലെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. കഴിഞ്ഞ വർഷം 38,000 ഡോളർ ഡീസലിനായി ചെലവാക്കിയ സ്ഥാനത്ത് ഈ വർഷം അത് 50,000 ഡോളറിന് മുകളിൽ പോകുമെന്ന് മാനിറ്റോബയിലെ കർഷകയായ കാതറിൻ ക്രോക്കർ-ക്ലാസൻ പറഞ്ഞു.

കൃഷിക്ക് ആവശ്യമായ എല്ലാ യന്ത്രങ്ങളും ഡീസലിൽ പ്രവർത്തിക്കുന്നതിനാൽ മറ്റൊരു മാർഗവുമില്ലെന്ന് കർഷക പറയുന്നു. ശൈത്യകാലത്ത് തയ്യാറാക്കിയ ബജറ്റുകളെല്ലാം ഇന്ധനവില വർധനയോടെ താളംതെറ്റിയിരിക്കുകയാണെന്നും അവർ പറഞ്ഞു. ഇതിന് പുറമെ ഇറാനിലെ യുദ്ധസാഹചര്യങ്ങൾ വളത്തിന്റെ വിലയെയും ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമോണിയ അല്ലെങ്കിൽ നൈട്രജൻ അധിഷ്ഠിത വളങ്ങളുടെ നിർമ്മാണത്തിന് വലിയ തോതിൽ ഊർജ്ജം ആവശ്യമാണെന്നും യുദ്ധം കാരണം ഇവയുടെ ഇൻപുട്ട് ചെലവ് വർധിക്കുമെന്നും മാനിറ്റോബ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഷിയു-യിക് ഔ ചൂണ്ടിക്കാട്ടി.
