റിയാദ്: മേഖലയിലെ യുദ്ധസാഹചര്യങ്ങൾ കാരണം യാത്ര തടസ്സപ്പെട്ടവർക്ക് വലിയ ആശ്വാസവുമായി സൗദി അറേബ്യ. വിസ കാലാവധി കഴിഞ്ഞ സന്ദർശകർക്കും ഉംറ തീർത്ഥാടകർക്കും പിഴയോ അധിക ഫീസോ ഇല്ലാതെ രാജ്യം വിടാൻ അനുമതി നൽകി. ഫെബ്രുവരി 25-ന് ശേഷം വിസ കാലാവധി കഴിഞ്ഞ സന്ദർശന വിസക്കാർക്കും ഉംറ വിസക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
പിഴ ഒഴിവാക്കാൻ ഗുണഭോക്താക്കൾ ഏപ്രിൽ 18-നകം യാത്ര പൂർത്തിയാക്കണം. ഫൈനൽ എക്സിറ്റ് വിസ കാലാവധി കഴിഞ്ഞവർക്കും ഏപ്രിൽ 18-നകം പിഴയില്ലാതെ മടങ്ങാമെന്ന് മദീന ഗവർണറേറ്റ് അറിയിച്ചു. വിസ നീട്ടുകയോ അധിക ഫീസുകൾ നൽകുകയോ ചെയ്യാതെ നേരിട്ട് വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാം.

ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന് വ്യോമാതിർത്തികൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും കാരണം ആയിരക്കണക്കിന് യാത്രക്കാരാണ് സൗദിയിൽ കുടുങ്ങിയത്. ഈ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പാസ്പോർട്ട് വിഭാഗം (ജവാസത്ത്) ഇളവുകൾ പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി 992 എന്ന ഏകീകൃത നമ്പറിലോ www.gdp.gov.sa എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
