Tuesday, April 7, 2026

”റഷ്യക്കാർക്ക്‌ വാങ്ങാൻ ഇവി‌ടെ ആഭരണങ്ങളില്ല”ഒളിമ്പ്യനോ‌ട്‌ മുഖം തിരിച്ച്‌ ആഡംബര ബ്രാൻഡുകൾ

മിലാൻ: പ്രമുഖ ലക്ഷ്വറി ബ്രാൻഡുകളായ ഡിയോറും ലൂയി വിറ്റണും തനിക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ തയ്യാറായില്ലെന്ന വെളിപ്പെടുത്തലുമായി റഷ്യൻ ഫിഗർ സ്കേറ്റിംഗ് താരം അഡീലിയ പെട്രോഷ്യൻ. മിലാൻ വിമാനത്താവളത്തിലെ ഡിയോർ ബുട്ടീക്കിൽ വെച്ചാണ് 18-കാരിയായ താരത്തിന് ഈ ദുരനുഭവം ഉണ്ടായത്. മിലാൻ വിന്റർ ഒളിമ്പിക്സിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു താരം. വിമാനത്താവളത്തിലെ ഷോപ്പിൽ നിന്ന് മോതിരവും കമ്മലും വാങ്ങാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ പാസ്‌പോർട്ട് ആവശ്യപ്പെട്ടു. റഷ്യയുടെ ചുവന്ന പാസ്‌പോർട്ട് കണ്ടതോടെ “റഷ്യക്കാർക്ക് സാധനങ്ങൾ വിൽക്കാൻ കഴിയില്ല” എന്ന് പറഞ്ഞ് അവർ വിസമ്മതിക്കുകയായിരുന്നു. ലൂയി വിറ്റണിലും സമാനമായ നിയമമാണെന്ന് പെട്രോഷ്യൻ പറഞ്ഞു. ജോർജിയയിൽ നിന്നുള്ള ഒരു സുഹൃത്ത് വഴി സാധനങ്ങൾ വാങ്ങാൻ ശ്രമിച്ചുവെങ്കിലും അവർ മോസ്കോയിലേക്കാണ് യാത്ര ചെയ്യുന്നതെന്ന് അറിഞ്ഞതോടെ കട അധികൃതർ വിൽപ്പന നടത്തിയില്ല. യുക്രെയ്‌ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ടീമിന് വിൻ്റർ ഒളിമ്പിക്സിൽ വിലക്കുണ്ടായിരുന്നു. അതിനാൽ ഒരു നിഷ്പക്ഷ താരമായാണ് അഡീലിയ മത്സരങ്ങളിൽ പങ്കെടുത്തത്.

റഷ്യ-യുക്രെയ്‌ൻ യുദ്ധത്തെത്തുടർന്ന് യൂറോപ്യൻ യൂണിയൻ റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് ഇതിന് കാരണം. 300 യൂറോയ്ക്ക് മുകളിലുള്ള ആഡംബര വസ്തുക്കൾ, ഇലക്ട്രോണിക്സ്, ആഭരണങ്ങൾ തുടങ്ങിയവ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് യൂറോപ്യൻ യൂണിയൻ നിരോധിച്ചിട്ടുണ്ട്. റഷ്യയുടെ സൈനിക-സാമ്പത്തിക ശേഷി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര ബ്രാൻഡുകൾ ഇത്തരം കർശന നിലപാടുകൾ സ്വീകരിക്കുന്നത്. ഈ അനുഭവത്തിന് ശേഷം ഇത്തരം ബ്രാൻഡുകൾ ഇനി വാങ്ങേണ്ടതുണ്ടോ എന്ന് താൻ ചിന്തിച്ചുപോയതായി അഡീലിയ പെട്രോഷ്യൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!