ലണ്ടൻ, ഒൻ്റാരിയോ: നഗരത്തിലെ തെരുവുകളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാനും വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പുതിയ ‘റെസ്പോൺസ് ടീം രൂപീകരിച്ചു. സിറ്റി ഓഫ് ലണ്ടൻ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയിൽ പുതിയ റെസ്പോൺസ് കോർഡിനേറ്റഡ് ഇൻഫോംഡ് റെസ്പോൺസിന്റെ (CIR) ഭാഗമായാണ് ഈ പുതിയ സംവിധാനം നിലവിൽ വന്നത്. തെംസ് നദി മുതൽ കെബെക്ക് സ്ട്രീറ്റ് വരെയുള്ള ഡണ്ടാസ് സ്ട്രീറ്റിലാണ് ടീമിൻ്റെ സാന്നിദ്ധ്യമുണ്ടാകുക. ബിസിനസ് സ്ഥാപനങ്ങളുടെ മുൻഭാഗത്തും പൊതുസ്ഥലങ്ങളിലും ഉണ്ടാകുന്ന തടസ്സങ്ങളും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കാൻ ഈ ടീം നേരിട്ട് വ്യാപാരികളുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.
തെരുവുകളിൽ കഴിയുന്നവരെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങളും ഔട്ട്റീച്ച് സേവനങ്ങളും എത്തിക്കാനും ഈ സംഘം പ്രവർത്തിക്കും. ഈ വർഷം ജനുവരി മുതൽ ടീമിലെ ഉദ്യോഗസ്ഥർ വിവിധ ബിസിനസ് സ്ഥാപനങ്ങൾ സന്ദർശിച്ചു വരികയാണ്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കടകളിൽ ‘സ്റ്റോർ ഫ്രണ്ട് ഓഡിറ്റുകൾ’നടത്താനും, അതിക്രമിച്ചു കടക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സഹായിക്കുന്ന ‘ട്രെസ്പാസ് അഗ്രിമെന്റ് പ്രോഗ്രാം’ പ്രോത്സാഹിപ്പിക്കാനും ഇവർ മുൻഗണന നൽകും. ഡൗൺടൗൺ മേഖല കൂടുതൽ സുരക്ഷിതമാക്കുന്നതിനും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും മികച്ച അന്തരീക്ഷം ഒരുക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് സിറ്റി അധികൃതർ അറിയിച്ചു.

സ്ഥാപനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സൗജന്യ ‘സുരക്ഷാ ഓഡിറ്റുകൾ’ ഈ ടീം നൽകും. പൊതുസ്ഥലങ്ങളിൽ അനധികൃതമായി കൂടാരങ്ങൾ കെട്ടി താമസിക്കുന്നത് നിയന്ത്രിക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഏതെങ്കിലും പ്രദേശം ഒഴിപ്പിക്കുന്നതിന് മുൻപ് നോട്ടീസ് നൽകുകയും, അവിടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിച്ച് ഉടമസ്ഥർക്ക് തിരികെ നൽകാനുള്ള ക്രമീകരണം ഉറപ്പാക്കുകയും ചെയ്യും.അക്രമമോ അപകടമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 911 എന്ന നമ്പറിൽ വിളിക്കുക. പരാതികൾക്ക്: 519-661-4570 എന്ന നമ്പറിലോ service@london.ca എന്ന ഇമെയിലിലോ വിവരമറിയിക്കാം.
