വൻകൂവർ: ബ്രിട്ടിഷ് കൊളംബിയയിലെ ലോവർ മെയിൻലൻഡ് മേഖലയിൽ അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന തോക്ക് നിർമ്മാണ ലാബ് പൊലീസ് കണ്ടെത്തി നശിപ്പിച്ചതായി റിപ്പോർട്ട്. അത്യാധുനികമായ 3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ‘ഗോസ്റ്റ് ഗണ്ണുകൾ’ (Ghost guns) നിർമ്മിച്ചിരുന്ന കേന്ദ്രമാണ് ആന്റി ഗ്യാങ് പൊലീസ് യൂണിറ്റ് തകർത്തത്. ആയുധ നിർമ്മാണത്തിന് ആവശ്യമായ സോഫ്റ്റ്വെയർ വിവരങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് സറേ സ്വദേശിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സറേയിലുള്ള പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വലിയ ആയുധശേഖരമാണ് പിടികൂടിയത്. ലോഡ് ചെയ്ത നിലയിലുള്ള 3D-പ്രിന്റഡ് സെമി ഓട്ടോമാറ്റിക് റൈഫിൾ, ആറ് ഹാൻഡ് ഗൺസ്, നാല് സൈലൻസറുകൾ, വിവിധ ആയുധ ഭാഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, നിർമ്മിക്കുന്ന തോക്കുകൾ പരീക്ഷിച്ചു നോക്കുന്നതിനായി വീട്ടിൽ തന്നെ സജ്ജീകരിച്ചിരുന്ന പ്രത്യേക ഫയറിങ് സ്റ്റേഷനും പൊലീസ് കണ്ടെത്തി.

സീരിയൽ നമ്പറുകളോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ ഇത്തരം തോക്കുകൾ കണ്ടെത്തുക എന്നത് പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പൊതുജന സുരക്ഷയ്ക്ക് ഇത്തരം അജ്ഞാത ആയുധങ്ങൾ വലിയ ഭീഷണിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിക്കെതിരെ ആയുധ നിയമപ്രകാരം കർശനമായ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.
