Friday, April 10, 2026

എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്; ‘ജനവിധി അട്ടിമറിക്കുന്നുവെന്ന്’ ആരോപണം

വൻകൂവർ : കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ തുടർച്ചയായ കൂടുമാറ്റത്തിനിടയിലും പതറാതെ പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. തന്റെ നേതൃത്വത്തിൽ പാർട്ടിക്ക് വലിയ ജനപിന്തുണയുണ്ടെന്നും എംപിമാരുടെ പാർട്ടി മാറ്റം ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടിഷ് കൊളംബിയയിലെ റിച്ച്മണ്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൺസർവേറ്റീവ് എംപി മെർലിൻ ഗ്ലാഡു പാർട്ടി വിട്ട് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് പൊളിയേവ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷമായ 83 ലക്ഷം കനേഡിയൻ പൗരന്മാരാണ് കൺസർവേറ്റീവ് പാർട്ടിയെ പിന്തുണച്ചത്. 90 ദിവസങ്ങൾക്ക് മുമ്പ് നടന്ന പാർട്ടി വോട്ടെടുപ്പിലും 87 ശതമാനം പേർ തന്റെ നേതൃത്വത്തിൽ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കരുത്തിലാണ് താൻ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിബറൽ പാർട്ടിയുടേത് പിന്നാമ്പുറ രാഷ്ട്രീയമാണെന്ന് പൊയിലിവർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനാണ് പ്രധാനമന്ത്രി മാർക്ക് കാർണി ശ്രമിക്കുന്നത്. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന നീക്കമാണിത്. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. ഏതാനും ചില ഇടനിലക്കാരാണോ അതോ കഠിനാധ്വാനികളായ സാധാരണക്കാരാണോ രാജ്യം ഭരിക്കേണ്ടതെന്ന് വരും ദിവസങ്ങളിൽ തീരുമാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ എംപിമാർ ലിബറൽ പാർട്ടിയുമായി ചർച്ച നടത്തുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ പൊയിലീവ്ര് തയ്യാറായില്ല. ഇത്തരം കിംവദന്തികൾക്ക് മറുപടി നൽകുന്നില്ലെന്നും എന്നാൽ തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ റൈഡിങ്ങിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ഗ്ലാഡുവിന്റെ മാറ്റം അവിടുത്തെ വോട്ടർമാരോടുള്ള അനീതിയാണെന്നും ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ലിബറൽ സർക്കാരിന്റെ ഭാഗമാകാനാണ് അവർ തീരുമാനിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, കൺസർവേറ്റീവ് പാർട്ടിയിലെ അസംതൃപ്തരായ പല എംപിമാരും ലിബറൽ പാർട്ടിയുമായി ബന്ധപ്പെടുന്നുണ്ടെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ആദ്യം പാർട്ടി വിട്ട ക്രിസ് ഡി എന്റർമോണ്ട് ഇക്കാര്യം ശരിവെച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ എംപിമാർ കൂടുമാറിയേക്കുമെന്ന അഭ്യൂഹങ്ങൾ കാനഡയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുകയാണ്. വോട്ടർമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് എംപിമാരെ പിന്നിൽ അണിനിരത്തിക്കൊണ്ട് പൊളിയേവ് ആവർത്തിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!