Friday, April 10, 2026

അസിം മുനീർ ഇടപെട്ടു: ഇസ്രയേലിനെ ചീത്ത വിളിച്ച പോസ്റ്റ് നീക്കി ഖ്വാജ ആസിഫ്

ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഇസ്രയേലിനെതിരെ ഇട്ട സാമൂഹിക മാധ്യമ പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് പിന്നിൽ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിന്റെ നിർബന്ധം മൂലമാണെന്ന് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലെ സൈനിക- സിവിൽ ഭരണ നേതൃത്വങ്ങൾക്കിടയിൽ അകൽച്ച വർധിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ നോക്കികാണുന്നത്. പാക്കിസ്ഥാനിൽ ഉരുത്തിരിയുന്ന പുതിയ സംഭവ വികാസങ്ങൾ നിലവിലെ യുഎസ്-ഇറാൻ വെടിനിർത്തൽ മധ്യസ്ഥതയിലെ പാക്കിസ്ഥാന്റെ പങ്കിനെ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ പ്രകോപനപരമായ പോസ്റ്റ് നിഷ്പക്ഷ രാജ്യമെന്ന വിശ്വാസ്യത പാക്കിസ്ഥാന് നഷ്ടപ്പെടുത്താൻ ഇടയാക്കിയേക്കും.

സ്വന്തം മന്ത്രിമാരെ നിയന്ത്രിക്കാൻ കഴിയാത്ത ഭരണസംവിധാനമാണ് പാക്കിസ്ഥാനിലെന്ന് യുഎസ് വിലയിരുത്തിയേക്കാമെന്ന ഭീതി അസിം മുനീറിനുണ്ട്. അതിനാലാണ് പോസ്റ്റ് പെട്ടെന്ന് നീക്കാൻ ഖ്വാജ ആസിഫിന് നിർദേശം നൽകിയത്. വെടിനിർത്തൽ ചർച്ചകൾ നടക്കുന്ന സമയത്ത് ആസിഫിന്റെ പരാമർശങ്ങൾ ഇസ്രയേലിൽ നിന്നടക്കം രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായിരുന്നു. ഈ മധ്യസ്ഥത തകർന്നാൽ ഗൾഫിൽ വീണ്ടും ശത്രുത ഉണ്ടാകാനും ആഗോള എണ്ണ വില വർധിക്കാനും ഇടയാക്കും. അത് പാക്കിസ്ഥാന്റെ ഊർജ്ജസുരക്ഷയെയും ആഭ്യന്തര സുരക്ഷയെയും ബാധിക്കുമെന്നാണ് സൈനിക നേതൃത്വം ഭയക്കുന്നത്. ഊർജ്ജ ദൗർലഭ്യം പണപ്പെരുപ്പത്തിനും അത് സാമ്പത്തിക സമ്മർദ്ദം വർധിക്കുന്നതിനും കാരണമാകും.

സാമ്പത്തിക പ്രതിസന്ധി ആഭ്യന്തരമായ അസ്ഥിരതയിലേക്ക് നയിക്കും. ഇത് പടിഞ്ഞാറൻ അതിർത്തിയിൽ പാക് സൈന്യത്തിന് കൂടുതൽ സമ്മർദ്ദങ്ങളുണ്ടാക്കുന്നതിന് കാരണമാകും. നിലവിൽ ഏറെ അസ്വസ്ഥത നിലനിൽക്കുന്ന ബലൂച്, ഖൈബർ പക്തൂൺഖ്വ മേഖലകളിൽ പാക് വിരുദ്ധ സംഘങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുന്നതിന് അത് കാരണമാകും. ഇവർക്ക് ബഹുജന പിന്തുണ വർധിക്കുന്നത് പാക്കിസ്ഥാന് ഒട്ടും ഗുണം ചെയ്യില്ല.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ടെങ്കിലും ആഭ്യന്തര സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിലും വിദേശ നയരൂപീകരണത്തിലും ഭരണകൂടത്തിനേക്കാൾ പാക് സൈന്യത്തിനാണ് നിയന്ത്രണം കൂടുതൽ. ഇത് തെളിയിക്കുന്നതാണ് ഖ്വാജ ആസിഫിന്റെ എക്‌സ് പോസ്റ്റ് പെട്ടെന്ന് നീക്കം ചെയ്ത സംഭവം. യുഎസ്-ഇറാൻ ചർച്ചകളടക്കം നിർണ്ണായക നയതന്ത്രപരമായ ഇടപാടുകളിൽ പാക് സിവിലിയൻ ഭരണകൂടത്തിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളു. ഇക്കാര്യത്തിൽ സൈനിക നേതൃത്വവും സിവിലൻ ഭരണകൂടവും തമ്മിലുള്ള അകൽച്ച വർധിക്കുന്നതായാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!