ബഗ്ദാദ്: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇറാഖിന്റെ പുതിയ പ്രസിഡന്റായി കുർദിഷ് രാഷ്ട്രീയ നേതാവ് നിസാർ അമേദിയെ പാർലമെന്റ് തിരഞ്ഞെടുത്തു. ശനിയാഴ്ച ബാഗ്ദാദിൽ നടന്ന വോട്ടെടുപ്പിലായിരുന്നു വിജയം. ഇറാഖിലെ പ്രധാന കുർദിഷ് പാർട്ടികളിലൊന്നായ പേട്രിയോട്ടിക് യൂണിയൻ ഓഫ് കുർദിസ്ഥാന്റെ (PUK) സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. രണ്ടാം ഘട്ട വോട്ടെടുപ്പിൽ 227 വോട്ടുകൾ നേടിയാണ് അമേദി വിജയിച്ചത്. കുർദിസ്ഥാൻ ഇസ്ലാമിക് യൂണിയന്റെ മുത്തന്ന അമിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 58-കാരനായ നിസാർ അമേദി മുൻ പരിസ്ഥിതി മന്ത്രിയായിരുന്നു. ഇറാഖിലെ നിലവിലെ അധികാര പങ്കിടൽ രീതി അനുസരിച്ച് പ്രധാനമന്ത്രി ഷിയാ മുസ്ലിമും പാർലമെന്റ് സ്പീക്കർ സുന്നി മുസ്ലിമും പ്രസിഡൻ്റ് കുർദുമാകണം.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇനി ഇറാഖിന് മുന്നിലുള്ള അടുത്ത കടമ്പ പ്രധാനമന്ത്രിയെ നിശ്ചയിക്കുക എന്നതാണ്. മേഖലയിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ സർക്കാർ രൂപീകരണം വേഗത്തിലാക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പുതിയ പ്രസിഡന്റിന് മുന്നിലുള്ളത്. ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ ഇറാഖിലെ ഭരണസ്ഥിരതയെ ബാധിക്കുന്ന ഘട്ടത്തിലാണ് ഈ സുപ്രധാന നിയമനം നടന്നിരിക്കുന്നത്. പുതിയ പ്രധാനമന്ത്രിയെ നിയോഗിക്കാനുള്ള ചുമതല പ്രസിഡന്റിനാണ്. ഇറാൻ പിന്തുണയുള്ള ഷിയാ വിഭാഗത്തിലെ മുൻപ്രധാനമന്ത്രി നൂറി അൽ മാലിക്കിയെ വീണ്ടും നിയോഗിക്കുന്നതിനെ യു.എസ് എതിർത്തിരുന്നു. പ്രധാനമന്ത്രിക്കാണ് രാഷ്ട്രീയാധികാരമുള്ളത്.
