Sunday, April 12, 2026

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നിരോധിക്കാൻ കേന്ദ്ര നീക്കം

ന്യൂഡൽഹി: രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നൽകുന്നത് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചെറിയ കുട്ടികളിൽ ഇത്തരം മരുന്നുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കു ന്നുവെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് ഈ നീക്കം.
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) കീഴിലുള്ള വിദഗ്ധ സമിതിയാണ് ഈ നിരോധനത്തിന് ശുപാർശ നൽകിയത്. ചെറിയ കുട്ടികളിലെ അമിത മരുന്ന് ഉപയോഗം കുറയ്ക്കുന്നതിനും തെറ്റായ അളവിൽ മരുന്ന് നൽകുന്നത് മൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനുമാണ്‌ ന‌ടപടി. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ മരുന്ന് നൽകരുത് എന്ന കൃത്യമായ മുന്നറിയിപ്പ് മരുന്ന് കുപ്പികളിൽ രേഖപ്പെടുത്തണമെന്ന് നിർമ്മാതാക്കൾക്ക് നിർദ്ദേശം നൽകിയേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയും ഇതിനായുളള നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. എന്നാൽ അതിഗുരുതര സാഹചര്യങ്ങളിൽ പരിശോധനകൾക്കുശേഷം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മരുന്നുകൾ നൽകാമെന്നും നിർദേശത്തിലുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾ ഉപയോഗിച്ച കുട്ടികൾ മരണപ്പെട്ടുവെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ഇത് ആഗോളതലത്തിൽ ഇന്ത്യൻ മരുന്ന് വിപണിയുടെ വിശ്വാസ്യതയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ മരുന്നുകളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ കർശനമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മുൻപ് നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ മരുന്നുകൾ (FDCs) നൽകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. ഡോക്ടറുടെ കൃത്യമായ നിർദ്ദേശമില്ലാതെ ഇത്തരം മരുന്നുകൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!