ഇകാലുവിറ്റ്: കഠിനമായ മഞ്ഞുവീഴ്ചയെയും തണുപ്പിനെയും തുടർന്ന് കുടിവെള്ള വിതരണത്തിന് തടസ്സം നേരിട്ട നൂനവൂട്ടിലെ ജോവ ഹെവൻ (Gjoa Haven) മേഖലയിലേക്ക് കനേഡിയൻ റേഞ്ചർമാരെ അടിയന്തരമായി വിന്യസിക്കാൻ ഫെഡറൽ സർക്കാർ അനുമതി നൽകി. കാനഡയുടെ എമർജൻസി മാനേജ്‌മെന്റ് മന്ത്രി എലീനർ ഓൾഷെവ്സ്കിയാണ് ഇക്കാര്യം അറിയിച്ചത്. കിംഗ് വില്യം ഐലൻഡിലെ ഈ കമ്മ്യൂണിറ്റിക്ക് ആവശ്യമായ കുടിവെള്ളം വിതരണം ചെയ്യുന്നതിനും മറ്റ് ലോജിസ്റ്റിക്കൽ സഹായങ്ങൾ നൽകുന്നതിനും കനേഡിയൻ ആർമി റിസർവ് അംഗങ്ങൾ സഹായിക്കും.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായതാണ് കുടിവെള്ള വിതരണ സംവിധാനത്തെ ബാധിച്ചത്. പ്രദേശത്ത് പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വൈദ്യുതി തടസ്സം നേരിട്ടിരുന്നു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചതായി കുല്ലിഖ് എനർജി കോർപ്പറേഷൻ അറിയിച്ചു.
ശനിയാഴ്ച ജോവ ഹെവനിൽ താപനില മൈനസ് 25 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. പബ്ലിക് സേഫ്റ്റി കാനഡയും കനേഡിയൻ സായുധ സേനയും സംയുക്തമായാണ് പ്രദേശവാസികൾക്ക് ആവശ്യമായ വിഭവങ്ങൾ എത്തിക്കുന്നത്. നൂനവൂട്ട് സർക്കാരുമായി ചേർന്ന് പ്രദേശത്തെ ആവശ്യങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ തുടരുമെന്ന് മന്ത്രി എലീനർ ഓൾഷെവ്സ്കി വ്യക്തമാക്കി.
