ഓട്ടവ: കാനഡയുടെ വളർച്ചയിൽ സിഖ് സമൂഹം നൽകുന്ന സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. വൈശാഖി ആഘോഷങ്ങളോടനുബന്ധിച്ച് ഓട്ടവയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി, ദാനധർമ്മം, സേവനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന സിഖ് സമൂഹം രാജ്യത്തിന്റെ അടിസ്ഥാന ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
തലമുറകളായി കാനഡയുടെ നിർമ്മാണത്തിൽ സിഖ് കനേഡിയൻമാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരുടെ കഠിനാധ്വാനവും സേവനമനോഭാവവും രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. വസന്തകാല വിളവെടുപ്പിന്റെ ആഘോഷമായ വൈശാഖി, പുതിയ പ്രതീക്ഷകളോടെ ഒരുമിച്ച് മുന്നേറാനുള്ള അവസരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കാനഡയിലെ 7.5 ലക്ഷത്തോളം വരുന്ന സിഖ് സമൂഹം വലിയ ആവേശത്തോടെയാണ് വൈശാഖി ആഘോഷിക്കുന്നത്. ഇന്ത്യയും കാനഡയും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന്റെ അടയാളമാണ് ഈ ആഘോഷങ്ങളെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്കും കോൺസൽ ജനറൽ മഹാവീർ സിംഗ്വിയും വ്യക്തമാക്കി. 1699-ൽ ഗുരു ഗോവിന്ദ് സിംഗ് ജി ഖൽസ പന്ത് സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കുന്ന വൈശാഖി, ഇന്നും ധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശമാണ് ലോകത്തിന് നൽകുന്നതെന്ന് ചടങ്ങിൽ നേതാക്കൾ ഓർമ്മിപ്പിച്ചു.
