ഒറിഗൺ: അമേരിക്കയിലെ ഒറിഗണിലുള്ള ആമസോൺ വെയർഹൗസിൽ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ മരിച്ചു. ട്രൗട്ട്ഡെയ്ൽ പിഡിഎക്സ് 9 ഫുൾഫിൽമെന്റ് സെന്ററിലാണ് സംഭവം. ജീവനക്കാരൻ കുഴഞ്ഞുവീണതിന് ശേഷവും വെയർഹൗസിൽ ജോലി തുടർന്നതായും റിപ്പോർട്ടുകളുണ്ട്.
വെയർഹൗസിനുള്ളിൽ ജോലി ചെയ്യുന്നതിനിടെ ജീവനക്കാരൻ തറയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മരണം സ്ഥിരീകരിച്ചു. ജീവനക്കാരന്റെ മരണത്തിൽ ആമസോൺ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ അന്ന് പകൽ ഷിഫ്റ്റിലുള്ളവരെ വീട്ടിലേക്ക് പറഞ്ഞയച്ചതായും രാത്രി ഷിഫ്റ്റ് റദ്ദാക്കിയതായും കമ്പനി അറിയിച്ചു. ജീവനക്കാർക്ക് ഈ സമയത്തെ ശമ്പളം നൽകുമെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

വെയർഹൗസിനുള്ളിൽ കഠിനമായ ചൂടായിരുന്നുവെന്നും വായുസഞ്ചാരം കുറവായത് ശാരീരിക അസ്വാസ്ഥ്യത്തിന് കാരണമായെന്നും സഹപ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ, മരണത്തിന് ജോലിസ്ഥലത്തെ സാഹചര്യങ്ങളുമായി ബന്ധമില്ലെന്നാണ് ഔദ്യോഗിക പ്രാഥമിക നിഗമനം. ആമസോൺ വെയർഹൗസുകളിലെ സുരക്ഷാ മാനദണ്ഡങ്ങൾ മുൻപും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. 2018-ലെ റിപ്പോർട്ടുകൾ പ്രകാരം ഈ വെയർഹൗസിലെ 26 ശതമാനം ജീവനക്കാർക്കും പരുക്കേറ്റിരുന്നു. വെയർഹൗസ് വ്യവസായ മേഖലയിലെ ശരാശരിയേക്കാൾ ഇരട്ടിയാണ് ആമസോണിലെ അപകട നിരക്കെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അപകടങ്ങൾ കുറയ്ക്കുന്നതിനായി 2.5 ബില്യൺ ഡോളറിലധികം തുക സുരക്ഷാ നടപടികൾക്കായി നിക്ഷേപിച്ചിട്ടുണ്ടെന്ന് ആമസോൺ അറിയിച്ചു. 2019 മുതൽ അപകട നിരക്കിൽ 43 ശതമാനം കുറവുണ്ടായെന്നും കമ്പനി അവകാശപ്പെടുന്നു. എങ്കിലും, ജോലിസ്ഥലത്തെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് യു.എസ് അറ്റോർണി ഓഫീസ് നിലവിൽ അന്വേഷണം നടത്തിവരികയാണ്.
