വൻകൂവർ: കാനഡയിൽ സ്ഥിരതാമസം (PR) ആഗ്രഹിക്കുന്ന സംരംഭകർക്കായി ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന്റെ (BCPNP) ഏറ്റവും പുതിയ നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു. ഏപ്രിൽ 14-ന് നടന്ന ഡ്രോയിലൂടെ ബിസിനസ് രംഗത്ത് പരിചയസമ്പന്നരായ വ്യക്തികളെയാണ് പ്രവിശ്യ ലക്ഷ്യമിടുന്നത്.എന്റർപ്രണർ ഇമിഗ്രേഷൻ വിഭാഗത്തിലാണിത്. 14 പേർക്ക് ഇൻവിറ്റേഷൻ ലഭിച്ചു, കുറഞ്ഞ സ്കോർ 115 പോയിന്റ്. ബ്രിട്ടീഷ് കൊളംബിയയിൽ പുതിയ ബിസിനസ്സുകൾ ആരംഭിക്കാനും നിക്ഷേപം നടത്താനും താല്പര്യമുള്ള വിദേശി സംരംഭകരെ ആകർഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്ന അപേക്ഷകർക്ക് കാനഡയുടെ ഫെഡറൽ പി.ആർ പ്രോസസ്സിൽ 600 അധിക പോയിന്റുകൾ ലഭിക്കും. ഇത് കാനഡയിൽ സ്ഥിരതാമസത്തിനുള്ള അനുമതി വേഗത്തിൽ ലഭിക്കാൻ അപേക്ഷകരെ സഹായിക്കുന്നു.

കാനഡയിലെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരും മാസങ്ങളിലും കൂടുതൽ ഡ്രോകൾ ഉണ്ടാകുമെന്നാണ് ഇമിഗ്രേഷൻ വിദഗ്ധർ വിലയിരുത്തുന്നത്. നൈപുണ്യമുള്ള തൊഴിലാളികൾക്കും സംരംഭകർക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ് ബ്രിട്ടീഷ് കൊളംബിയയുടെ ഈ പുതിയ നീക്കം. കാനഡയിലെ വിവിധ പ്രവിശ്യകൾ നടത്തുന്ന PNP ഡ്രോകൾ വഴി കുറഞ്ഞ സി.ആർ.എസ് (CRS) സ്കോർ ഉള്ളവർക്കും ഇപ്പോൾ പി.ആർ ലഭിക്കാനുള്ള സാധ്യതകൾ വർദ്ധിച്ചുവരികയാണെന്നും വിദഗ്‌ദ്ധർ വിലയിരുത്തുന്നു.
