വാഷിങ്ടണ്‍: ആറാഴ്ചയായി തുടരുന്ന യുഎസ് – ഇറാന് സംഘര്‍ഷത്തിന് അന്ത്യം കുറിച്ചുകൊണ്ട് നിര്‍ണ്ണായകമായ ആണവ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഇറാന് ഉറപ്പുനല്‍കിയതായും സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാന്‍ അവര്‍ തയ്യാറായതായും ട്രംപ് അറിയിച്ചു. നിലവിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാര്‍ ഉടന്‍ ഉണ്ടായേക്കുമെന്നും, ഈ ആഴ്ച തന്നെ അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടക്കുമെന്നും വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും ഇറാന് അംഗീകരിച്ചിട്ടുണ്ടെന്നും കുറഞ്ഞത് 20 വര്‍ഷത്തേക്കെങ്കിലും ആണവായുധം നിര്‍മ്മിക്കില്ലെന്ന് അവര്‍ ഉറപ്പ് നല്‍കിയതായും ട്രംപ് അവകാശപ്പെട്ടു. ചര്‍ച്ചകള്‍ക്കായി പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് താന്‍ പോകാനുള്ള സാധ്യതയും അദ്ദേഹം പങ്കുവെച്ചു. സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയുമെന്നും, ഇത് വിലക്കയറ്റം കുറയ്ക്കാനും ഒരു ആണവയുദ്ധത്തിന്റെ ഭീഷണിയില്‍ നിന്ന് ലോകത്തെ രക്ഷിക്കാനും സഹായിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി ജനറല്‍ അസിം മുനീറിനെയും ട്രംപ് പ്രശംസിച്ചു. കരാര്‍ ഇസ്ലാമാബാദില് വെച്ചാണ് ഒപ്പിടുന്നതെങ്കില്‍ താന്‍ നേരിട്ട് അവിടെ പങ്കെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രിയും ഫീല്‍ഡ് മാര്‍ഷലും (അസിം മുനീര്‍) മികച്ച രീതിയിലാണ് ഇടപെട്ടതെന്നും ട്രംപ് വ്യക്തമാക്കി.
മാര്‍പാപ്പയ്ക്കെതിരെ വീണ്ടും ട്രംപ് പ്രതികരണവുമായി രംഗത്തെത്തി. മാര്‍പാപ്പയ്ക്ക് ഇഷ്ടമുള്ളത് പറയാമെന്നും പക്ഷേ താനതിനോട് വിയോജിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന് ആണവായുധം നിര്‍മ്മിച്ചാല്‍ ലോകം അപകടത്തിലാകുമെന്ന് മാര്‍പാപ്പ മനസ്സിലാക്കണമെന്നും ട്രംപ് പറഞ്ഞു. ട്രംപ് എന്തുതന്നെ പറഞ്ഞാലും യുദ്ധത്തിനെതിരെയുള്ള നിലപാട് മാറ്റില്ലെന്നും വിമര്‍ശിച്ചുകൊണ്ടിരിക്കുമെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
