വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന് പിന്നാലെ, മോദിയെ പ്രശംസിച്ച് ട്രംപ് രംഗത്തെത്തി. നരേന്ദ്ര മോദി തന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം ഇന്ത്യയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. വൈറ്റ് ഹൗസില്‍ വെച്ച് എഎന്‍ഐ (ANI) പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ട്രംപ് തന്റെ സൗഹൃദം വെളിപ്പെടുത്തിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികളും ആഗോള ഊര്‍ജ്ജ വിപണിയെ ബാധിക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി. ചര്‍ച്ചകള്‍ അതീവ ഗുണപരമായിരുന്നുവെന്ന് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി സെര്‍ജിയോ ഗോറും പ്രതികരിച്ചു.

നേരത്തെ ഇറാന്‍ യുറേനിയം കൈമാറാന്‍ സമ്മതിച്ചതായും ഉടമ്പടി ഉടന്‍ ഉണ്ടായേക്കാമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇസ്ലാമാബാദില്‍ വെച്ച് കരാര്‍ ഒപ്പിട്ടാല്‍ താന്‍ നേരിട്ട് പങ്കെടുത്തേക്കുമെന്നും പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും ട്രംപ് പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ട്രംപിന്റെ പുതിയ പ്രതികരണം പുറത്തുവരുന്നത്.
