ഹാലിഫാക്സ്: നോവസ്കോഷയിൽ വായു ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമാക്കി സർക്കാർ. നിലവിൽ നിയന്ത്രണങ്ങളുള്ള ആറ് മലിനീകരണ ഘടകങ്ങൾക്ക് പുറമെ 20 എണ്ണം കൂടി ഉൾപ്പെടുത്തി, ആകെ 26 മലിനീകരണ ഘടകങ്ങളെ നിയമപരിധിയിൽ കൊണ്ടുവരാനാണ് പ്രവിശ്യാ സർക്കാരിന്റെ തീരുമാനം. സാമ്പത്തിക വളർച്ചയെ ബാധിക്കാത്ത രീതിയിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും, 1995-ന് ശേഷം ആദ്യമായാണ് ഇത്തരം സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതെന്നും പരിസ്ഥിതി മന്ത്രി തിമോത്തി ഹാൽമാൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സർക്കാരിന്റെ ഈ തീരുമാനത്തെ ആരോഗ്യ വിദഗ്ധരും സംഘടനകളും സ്വാഗതം ചെയ്തു. കാനഡയിൽ ഏറ്റവും കൂടുതൽ ശ്വാസകോശ അർബുദം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രവിശ്യയെന്ന നിലയിൽ, ഈ നീക്കം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നിർണ്ണായകമാകും. വായുമലിനീകരണം കുറയ്ക്കുന്നത് ആസ്തമ, സി.ഒ.പി.ഡി (COPD) തുടങ്ങിയ ശ്വാസകോശ രോഗങ്ങളുടെ തോത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ലങ് എൻ.എസ്.പി.ഇ.ഐ (LungNSPEI) സി.ഇ.ഒ റോബർട്ട് മക്ഡോണൾഡ് പറഞ്ഞു. പുകവലിക്കാത്തവരിൽ പോലും ശ്വാസകോശ അർബുദം വർധിക്കുന്ന സാഹചര്യത്തിൽ, ശുദ്ധവായു ഉറപ്പാക്കുന്നത് വലിയൊരു ആശ്വാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ ഒന്നു മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. അമോണിയ, ബെൻസീൻ, ലെഡ്, മെർക്കുറി, നൈട്രജൻ ഡയോക്സൈഡ് തുടങ്ങിയ വിവിധ രാസവസ്തുക്കളും കണികകളുമാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യവസായശാലകൾക്ക് നിയമങ്ങൾ പാലിക്കുന്നതിൽ കൂടുതൽ വ്യക്തത നൽകാനും, ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കാനും ഈ പരിഷ്കാരങ്ങൾ സഹായിക്കും. പരിസ്ഥിതി അനുമതി ലഭിച്ച വ്യവസായങ്ങൾ തങ്ങളുടെ മലിനീകരണ തോത് സംബന്ധിച്ച വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ സർക്കാരിന് സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്.
