മൺട്രിയോൾ: നോട്രെ-ഡാം-ഡി-ഗ്രേസ് (NDG) മേഖലയിൽ പുതിയ പാർക്കിങ് മീറ്ററുകൾ സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും. ഷെർബ്രൂക്ക് സ്ട്രീറ്റ് വെസ്റ്റിൽ 200 മീറ്ററുകളും സമീപത്തെ പാർപ്പിട തെരുവുകളിൽ 250 മീറ്ററുകളും ഉൾപ്പെടെ ആകെ 450-ഓളം പാർക്കിങ് മീറ്ററുകൾ സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി. പാർക്കിങ് സൗകര്യം മെച്ചപ്പെടുത്താനും പ്രാദേശിക വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ബോറോ അധികൃതർ വ്യക്തമാക്കുമ്പോൾ, പദ്ധതിക്കെതിരെ കടുത്ത ആശങ്കയാണ് നിവാസികൾ ഉന്നയിക്കുന്നത്.
പ്രാദേശിക അഭിപ്രായങ്ങൾ ആരായുകയോ ചർച്ചകൾ നടത്തുകയോ ചെയ്യാതെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബിസിനസ് ഉടമകൾ കുറ്റപ്പെടുത്തി. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ഈ മാറ്റം വലിയ പ്രയാസം സൃഷ്ടിക്കുമെന്നും, നിലവിൽ തന്നെ തിരക്കേറിയ മേഖലകളിൽ ഇത് കൂടുതൽ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്നും നിവാസികൾ ആരോപിച്ചു. പദ്ധതി നിർത്തിവെക്കണമെന്നും പരസ്യമായ കൂടിയാലോചനകൾ നടത്തണമെന്നും ആവശ്യപ്പെട്ട് ഇവർ ഹർജി സമർപ്പിച്ചിട്ടുണ്ട്.
പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിലൂടെ വർഷത്തിൽ 1,31,000 ഡോളർ വരുമാനം ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. എന്നാൽ, ഇതിൽ വലിയൊരു ഭാഗം നടത്തിപ്പ് ചിലവുകളിലേക്ക് പോകുന്നതിനാൽ നഗരത്തിന് ലഭിക്കുന്ന ലാഭം കുറവാണെന്നാണ് നിവാസികളുടെ വാദം. പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, വാണിജ്യപരമായ ആവശ്യങ്ങളും നിവാസികളുടെ ജീവിതനിലവാരവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുമെന്നും ബോറോ മേയർ സോണി മൊറോസ് അറിയിച്ചു. പദ്ധതി നിർത്തിവെച്ച് ജനങ്ങളുടെ ആശങ്കകൾ കേൾക്കണമെന്നാണ് നാട്ടുകാരുടെ ഏകീകൃത ആവശ്യം
