ഗാസ സിറ്റി: ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്ന് ആറ് മാസത്തിന് ശേഷം, തങ്ങളുടെ പക്കലുള്ള ആയുധങ്ങളുടെ ഒരു ഭാഗം കൈമാറാൻ തയ്യാറാണെന്ന് അറിയിച്ച് ഹമാസ്. പൊലീസ്, ആഭ്യന്തര സുരക്ഷാ സേന എന്നിവയുടെ കൈവശമുള്ള ആയിരക്കണക്കിന് ഓട്ടോമാറ്റിക് റൈഫിളുകളും മറ്റ് ആയുധങ്ങളുമാണ് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ രൂപീകരിച്ച പലസ്തീൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കായിരിക്കും ഈ ആയുധങ്ങൾ കൈമാറുക. ഹമാസിന്റെ നിലപാടിലുണ്ടായ വലിയൊരു മാറ്റമായാണ് ഇതിനെ അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.
എങ്കിലും, ഹമാസിന്റെ ഈ നീക്കം ഇസ്രയേലിന്റെയും ട്രംപിന്റെയും നിരായുധീകരണ പദ്ധതികളുമായി പൂർണ്ണമായി യോജിക്കുന്നില്ല. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ കൈവശമുള്ള ആന്റി-ടാങ്ക് റോക്കറ്റുകൾ ഉൾപ്പെടെയുള്ള വലിയ ആയുധശേഖരം വിട്ടുനൽകുന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. ഗാസയുടെ പൂർണ്ണമായ പുനർനിർമ്മാണത്തിനും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റത്തിനും എല്ലാ ആയുധങ്ങളും ഉപേക്ഷിക്കണമെന്ന നിലപാടിലാണ് ബോർഡ് ഓഫ് പീസ്. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് അധികാരം കൈമാറാൻ ഹമാസ് തയ്യാറാണെങ്കിലും, രാഷ്ട്രീയമായി സജീവമായി തുടരാനും ഇസ്രയേലിനെതിരായ പ്രതിരോധം തുടരാനുമാണ് അവരുടെ തീരുമാനം.

കെയ്റോയിൽ നടക്കുന്ന ചർച്ചകളാണ് ഇപ്പോൾ ഇക്കാര്യത്തിൽ നിർണ്ണായകമാകുന്നത്. സാധാരണയായി വിദേശത്തുള്ള നേതാക്കളാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാറുള്ളതെങ്കിലും, ഇത്തവണ ഗാസയ്ക്കുള്ളിലുള്ള നേതാക്കളും ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. സമാധാന പദ്ധതിയെ പൂർണ്ണമായും തള്ളിക്കളയുന്നത് ഒഴിവാക്കി, രാഷ്ട്രീയമായ അതിജീവനം ഉറപ്പാക്കാനാണ് ഹമാസിന്റെ ഈ നീക്കമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ ഹമാസ് ഭരണകൂടത്തിലെ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പുതിയ സംവിധാനത്തിന്റെ ഭാഗമാക്കാൻ ബോർഡ് ഓഫ് പീസ് പരിഗണിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
