Monday, April 20, 2026

കരഞ്ഞും പ്രാർത്ഥിച്ചും യാത്രക്കാർ, ആകാശത്ത് കറങ്ങിയത് നാല് മണിക്കൂർ; ഫ്ലൈ91 ഒടുവിൽ ബെംഗളൂരുവിൽ

ബെംഗളൂരു: ഹൈദരാബാദിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്ലൈ91 (Fly91) വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് ആകാശത്ത് കുടുങ്ങിയത് നാല് മണിക്കൂർ. ഉച്ചയ്ക്ക് 3 മണിക്ക് പുറപ്പെട്ട് 4.30-ഓടെ ഹുബ്ബള്ളിയിൽ എത്തേണ്ടിയിരുന്ന വിമാനം, ലാൻഡിങ്ങിന് അനുകൂലമല്ലാത്ത സാഹചര്യമായതോടെ നാല് മണിക്കൂറോളം ആകാശത്ത് വട്ടംചുറ്റുകയായിരുന്നു. മുണ്ട്ഗോഡ്, ദാവൻഗരെ, ശിവമോഗ തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിലൂടെ വിമാനം അനിശ്ചിതമായി പറന്നതോടെ യാത്രക്കാർ കടുത്ത പരിഭ്രാന്തിയിലായി. വിമാനത്തിനുള്ളിൽ യാത്രക്കാർ ഭയന്ന് കരയുന്നതും പ്രാർത്ഥിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

വിമാനം ബെംഗളൂരുവിലേക്കോ ബെൽഗാവിലേക്കോ തിരിച്ചുവിടണമെന്ന് യാത്രക്കാർ തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും സ്ഥിതിഗതികൾ ഏറെ പിരിമുറുക്കമുള്ളതായിരുന്നു. എന്നാൽ, വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെയില്ലായിരുന്നുവെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വിമാനം തിരിച്ചുവിട്ടതെന്നും ഫ്ലൈ91 അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഹുബ്ബള്ളിയിൽ ഇറക്കാൻ കഴിയാത്ത സാഹചര്യത്തിൽ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് സുരക്ഷ മുൻനിർത്തിയാണ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടതെന്ന് കമ്പനി വക്താവ് വിശദീകരിച്ചു.

ഒടുവിൽ രാത്രി 7.30-ഓടെ വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. അതേസമയം, വിമാനത്തിനുള്ളിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ എയർലൈൻ അധികൃതർ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് യാത്രക്കാരുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയെങ്കിലും, ആശയവിനിമയത്തിലുണ്ടായ ഈ കുറവ് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!