ടൊറന്റോ: ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർധന രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് . ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് വിമാന നിരക്കുകൾ ഇത്രയധികം ഉയരുന്നത്. മുൻവർഷം മാർച്ചിലെ നിരക്കുകളെ അപേക്ഷിച്ച് ഇത്തവണ വിമാന ടിക്കറ്റ് നിരക്കിൽ 2.9 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

2024 ജൂണിന് ശേഷം ഉപഭോക്തൃ വിലസൂചികയിൽ വിമാനയാത്രാ നിരക്ക് വർധിക്കുന്നത് ഇതാദ്യമാണെന്ന് നാഷണൽ ബാങ്ക് അനലിസ്റ്റ് കാമറൂൺ ഡോർക്സൺ ചൂണ്ടിക്കാട്ടുന്നു. വിമാന ഇന്ധന വിലയിലുണ്ടായ അനിയന്ത്രിതമായ വർധന ഇതിന് പ്രധാന കാരണം. ഇന്ധനത്തിനായി അധികമായി ചെലവാകുന്ന തുക വിമാനക്കമ്പനികൾ യാത്രക്കാരിൽ നിന്ന് ഈടാക്കിത്തുടങ്ങിയതോടെയാണ് ടിക്കറ്റ് വില ഉയർന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാത്രം നിരക്കിൽ അഞ്ച് ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായത്. ലോകത്തെ മൊത്തം ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ പാത അടഞ്ഞതോടെ ഇന്ധനവില കുത്തനെ ഉയരുകയും അത് വിമാന ഗതാഗത മേഖലയെ നേരിട്ട് ബാധിക്കുകയുമായിരുന്നു.
