കാൽഗറി: യുഎസ് – ഇറാൻ യുദ്ധത്തെത്തുടർന്ന് ജെറ്റ് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർവീസുകളിൽ വെട്ടിക്കുറയ്ക്കുന്നതായി വെസ്റ്റ്ജെറ്റ് അറിയിച്ചു. കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വിമാനക്കമ്പനി ഏപ്രിലിൽ ഒരു ശതമാനവും മേയിൽ മൂന്ന് ശതമാനവും ജൂണിൽ ഏകദേശം ആറ് ശതമാനത്തോളം കപ്പാസിറ്റി കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ പുതിയ റൂട്ടുകളൊന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടില്ലെങ്കിലും, വരാനിരിക്കുന്ന വേനൽക്കാല ഷെഡ്യൂളുകളിൽ കൂടുതൽ വെട്ടിക്കുറയ്ക്കലുകൾ ആവശ്യമാണോ എന്ന് കമ്പനി പരിശോധിച്ചു വരികയാണ്. നിലവിൽ ചില റൂട്ടുകളിലെ സർവീസുകൾ സംയോജിപ്പിച്ചും സീസണൽ സർവീസുകളുടെ കാലാവധി കുറച്ചുമാണ് കമ്പനി പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്.

ഇന്ധനവില വർധനമൂലം ലാഭകരമല്ലാത്ത ആറ് റൂട്ടുകളിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി എയർ കാനഡ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി അവസാനം ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോള എണ്ണവിപണിയിൽ വൻ വിലക്കയറ്റത്തിന് കാരണമായത്. നിലവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വിമാന ഇന്ധനത്തിന്റെ വില യുദ്ധത്തിന് മുൻപുള്ളതിനേക്കാൾ ഇരട്ടിയായി തുടരുന്നത് വ്യോമയാന മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
