പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ആഗോളതലത്തില്‍ സൃഷ്ടിച്ച ആശങ്കകളെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നിഫ്റ്റി സൂചിക 24,352 പോയിന്റിലേക്കും സെന്‍സെക്സ് 78,457 പോയിന്റിലേക്കും താഴുന്ന കാഴ്ചയാണ് കണ്ടത്. ഐടി മേഖലയിലെ ഓഹരികള്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്; നിഫ്റ്റി ഐടി സൂചിക 3.3 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം നഷ്ടത്തിലായി. ഐടി മേഖലയിലെ ലാഭവളര്‍ച്ച മന്ദഗതിയിലാകുമെന്ന നേപ്പിയന്‍ കാപ്പിറ്റലിന്റെ വിലയിരുത്തല്‍ വിപണിയുടെ തളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
വ്യക്തിഗത ഓഹരികളില്‍, നാലാം പാദ ഫലം പ്രതീക്ഷയ്ക്കൊത്തു വരാത്തതിനെത്തുടര്‍ന്ന് എച്ച്സിഎല്‍ ടെക്നോളജീസ് ഒന്‍പത് ശതമാനത്തോളം ഇടിഞ്ഞു. നൊമുറ കമ്പനിയുടെ ലക്ഷ്യവില കുറച്ചതും ഇതിന് കാരണമായി. സമാനമായ രീതിയില്‍ പെര്‍സിസ്റ്റന്റ് സിസ്റ്റംസ്, ടാറ്റാ എല്‍ക്സി തുടങ്ങിയ ഓഹരികളും നാല് ശതമാനത്തിലധികം താഴോട്ട് പോയി. അതേസമയം, പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് വലിയ ഓര്‍ഡര്‍ ലഭിച്ച ഭാരത് എര്‍ത്ത് മൂവേഴ്സും, ദേശീയപാതാ പ്രോജക്ടുകളില്‍ കരാര്‍ ഉറപ്പിച്ച പിഎന്‍സി ഇന്‍ഫ്രാടെക്കും വിപണിയിലെ തളര്‍ച്ചയ്ക്കിടയിലും നേട്ടമുണ്ടാക്കി.

കറന്‍സി വിപണിയിലും രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് നീങ്ങുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 93.79 വരെ ഇടിഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഫോര്‍വേഡ് വ്യാപാരത്തില്‍ ആര്‍ബിഐ വരുത്തിയ മാറ്റങ്ങളുമാണ് രൂപയെ ദുര്‍ബലമാക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,758 ഡോളറിലെത്തിയെങ്കിലും കേരളത്തില്‍ പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയായി. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവുണ്ടായതും ഇന്നത്തെ വിപണിയില്‍ ശ്രദ്ധേയമായി.
