ബീജിങ്: മഴ പെയ്യുമ്പോൾ ഓഫീസിൽ പോകാതെ വീട്ടിലിരിക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ചൈനയിലെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാരിക്ക് അത്തരമൊരു സ്വപ്നതുല്യമായ സമ്മാനമാണ് നൽകിയിരിക്കുന്നത്. ചാങ്ഷയിലെ ‘മാല വാങ്സി’ എന്ന സ്നാക്സ് ബ്രാൻഡിലെ ജീവനക്കാരിക്കാണ് 7 ദിവസത്തെ ശമ്പളത്തോടുകൂടിയ ‘മഴ അവധി’ ലോട്ടറിയിലൂടെ ലഭിച്ചത്.
ചൈനയിലെ ചില മേഖലകളിൽ തുടർച്ചയായി മഴ പെയ്യുന്നത് ജീവനക്കാരുടെ മനോവീര്യത്തെ ബാധിക്കാറുണ്ട്. ഇത് പരിഹരിക്കാനാണ് കമ്പനി മാനേജ്മെന്റ് ഇങ്ങനെയൊരു ‘മഴ ലോട്ടറി’ സംഘടിപ്പിച്ചത്. മഴയുള്ള ദിവസങ്ങളിൽ വീട്ടിലിരിക്കാൻ അനുവദിക്കുന്ന ഏഴു ദിവസത്തെ അവധിയാണ് ഏറ്റവും വലിയ സമ്മാനം. ഈ ദിവസങ്ങളിൽ പൂർണ്ണ ശമ്പളവും ലഭിക്കും. കാലാവസ്ഥ അനുസരിച്ച് ഈ അവധി ഒന്നിച്ച് ഉപയോഗിക്കാനോ വിവിധ ദിവസങ്ങളായി വിഭജിക്കാനോ സാധിക്കും.

അവധി കൂടാതെ കുടകൾ, റെയിൻ ബൂട്ട്, ഡീഹ്യൂമിഡിഫയറുകൾ, ഹെയർ ഡ്രയറുകൾ തുടങ്ങിയ മഴക്കാലത്ത് ഉപയോഗപ്രദമായ വസ്തുക്കളും ജീവനക്കാർക്ക് നറുക്കെടുപ്പിലൂടെ ലഭിച്ചു. മഴ കാരണമുള്ള യാത്രാ തടസ്സങ്ങൾ പരിഗണിച്ചു ‘ലേറ്റ് പാസുകളും’ കമ്പനി നൽകുന്നുണ്ട്. ഇത് ഉപയോഗിച്ച് വൈകി വന്നാലും ജീവനക്കാർക്ക് പിഴ നൽകേണ്ടി വരില്ല. കൂടാതെ യാത്രാ ചെലവിനായി പ്രത്യേക ബോണസും കമ്പനി പ്രഖ്യാപിച്ചു.
കമ്പനിയുടെ ഈ വേറിട്ട നീക്കം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. എല്ലാ കമ്പനികളും ഇത്തരത്തിൽ ജീവനക്കാരുടെ സന്തോഷത്തിന് മുൻഗണന നൽകണമെന്നാണ് ഇന്റർനെറ്റിലെ പൊതുവായ അഭിപ്രായം.
