ഒന്റാരിയോ: ഹൈസ്കൂൾ ബിരുദം നേടുന്നതിന് ഇനി ഒന്റാരിയോയിലെ വിദ്യാർത്ഥികൾ സാമ്പത്തിക സാക്ഷരതാ പരീക്ഷ (Financial Literacy Test) പാസാകേണ്ടത് നിർബന്ധം. പണം കൈകാര്യം ചെയ്യുക, ബജറ്റ് തയ്യാറാക്കുക തുടങ്ങിയ പ്രായോഗിക ജീവിത നൈപുണ്യങ്ങൾ വിദ്യാർത്ഥികളിൽ ഉറപ്പാക്കുകയാണ് ഈ തീരുമാനത്തിലൂടെ വിദ്യാഭ്യാസ മന്ത്രി പോൾ കലാൻഡ്ര ലക്ഷ്യമിടുന്നത്.
നേരത്തെ പത്താം ക്ലാസ് മാത്തമാറ്റിക്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും, സാമ്പത്തിക സാക്ഷരതയെ പത്താം ക്ലാസ് ‘കരിയർ സ്റ്റഡീസ്’ പാഠ്യപദ്ധതിയുടെ ഭാഗമായാണ് നിലനിർത്തുന്നത്. പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനായി അധ്യാപകർക്ക് കൂടുതൽ സമയം നൽകുന്നതിന്റെ ഭാഗമായി ജൂണിൽ നിർത്തിവെച്ചിരുന്ന പരിഷ്കാരങ്ങൾ ഇപ്പോൾ നടപ്പിലാക്കിത്തുടങ്ങി.

ടിവിഒ (TVO) തയ്യാറാക്കുന്ന പഠന മൊഡ്യൂളുകളെ അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടണം. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടാൽ രണ്ടാമതൊരു അവസരം ലഭിക്കും. അതിനുശേഷവും വിജയിച്ചില്ലെങ്കിൽ, ആവശ്യമായ കൂടുതൽ പരിശീലനവും പിന്തുണയും നൽകിയ ശേഷം വീണ്ടും പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
