ഓട്ടവ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ (CUSMA) ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത വീണ്ടും രൂക്ഷം. യു.എസ് ഉപാധികൾ മാത്രം അംഗീകരിച്ച് മുന്നോട്ട് പോകാൻ കാനഡ തയ്യാറല്ലെന്നും, തങ്ങളുടെ ഭാഗത്തുനിന്നുള്ള വിയോജിപ്പുകൾ അറിയിച്ചിട്ടുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്കൻ മദ്യത്തിന് കാനഡയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ, കാനഡയുടെ പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ നയങ്ങൾ, ക്ഷീരോൽപ്പന്ന വിപണി എന്നിവയിൽ കടുത്ത അതൃപ്‌തിയിലാണ് യു.എസ്. ഒൻ്റാരിയോ, കെബെക്ക്, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലെ ലേല നടപടികളിൽ യു.എസ് കമ്പനികളെ ഒഴിവാക്കുന്നു എന്നതാണ് പ്രധാന പരാതി. യു.എസ് സെക്രട്ടറി ഹോവാർഡ് ലൂട്ട്നിക് കാനഡയുടെ വ്യാപാര നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു. കാനഡയ്ക്ക് ലോകത്തിലെ ഏറ്റവും മികച്ച വ്യാപാര കരാർ (USMCA) ലഭിച്ചിട്ടും അവർ യു.എസിനോട് അനീതിയാണ് കാണിക്കുന്നു എന്നാണ് ലൂട്ട്‌നിക്കിൻ്റെ ആരോപണം. അതേ സമയം ലൂട്ട്നിക്കിന്റെ “അവർ മോശമാണ്”തുടങ്ങിയ പരാമർശങ്ങൾ കനേഡിയൻ സഞ്ചാരികൾക്കിടയിൽ അമർഷമുണ്ടാക്കിയെന്നും ഇത് ന്യൂ ഹാംഷെയർ പോലുള്ള യുഎസ് സംസ്ഥാനങ്ങളിലെ ടൂറിസത്തെ 30% ബാധിച്ചുവെന്നാണ് സെനറ്റർ ജീൻ ഷഹീൻ തിരിച്ചടിച്ചത്.

ഇതിനിടെ വ്യാപാര ചർച്ചകൾക്കായി പ്രധാനമന്ത്രി മാർക്ക് കാർണി ഒരു പുതിയ ഉപദേശക സമിതിയെ രൂപീകരിച്ച് മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ്. മുൻ കൺസർവേറ്റീവ് നേതാവ് എറിൻ ഒടൂൾ, മുൻ മന്ത്രി ലിസ റെയ്റ്റ്, മുൻ പ്രീമിയർമാരായ പി.ജെ. അകിഗക്, ജീൻ ചാരെസ്റ്റ് എന്നിവരടങ്ങുന്ന ഈ സമിതിക്ക് ഡൊമിനിക് ലെബ്ലാങ്ക് നേതൃത്വം നൽകും. അമേരിക്കയുമായുള്ള ചർച്ചകളിൽ എല്ലാ മേഖലകളിലുമുള്ള വിദഗ്ദ്ധരുടെ അഭിപ്രായം തേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വരുന്ന വേനൽക്കാലത്ത് ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വലിയൊരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
