വൻകൂവർ: ടംബ്ലർ റിഡ്ജിലെ വെടിവെപ്പിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ബി.സി. പ്രീമിയർ ഡേവിഡ് എബി. എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം മേയർ ഡാരൽ ക്രാക്കോവ്ക്കയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രീമിയർ ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് അന്വേഷണം ഉടൻ പൂർത്തിയാകുമെന്നും, അതിനുശേഷം ചീഫ് കൊറോണർ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ മാനസികാരോഗ്യത്തിനുമായി പ്രവിശ്യാ സർക്കാർ നൽകുന്ന സഹായം വളരെ വലുതാണെന്ന് മേയർ ക്രാക്കോവ്ക്ക പറഞ്ഞു. ഫെബ്രുവരി 10-ൽ നടന്ന ദുരന്തത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ലെങ്കിലും, അതിജീവനത്തിന്റെ പാതയിലാണ് കമ്മ്യൂണിറ്റിയിലെ ജനങ്ങൾ. തന്റെ കമ്മ്യൂണിറ്റിക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ താൻ പ്രവിശ്യാ ഭരണകൂടവുമായി തുടർന്നും ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ സമ്പൂർണ്ണ പബ്ലിക് ഇൻക്വയറി വേണമെന്ന ആവശ്യവുമായി ബി.സി. കൺസർവേറ്റീവ് പാർട്ടി രംഗത്തുണ്ട്. കൊറോണർ ഇൻക്വസ്റ്റിനേക്കാൾ വിപുലമായ അന്വേഷണം ആവശ്യമാണെന്നും ആരോഗ്യ സംവിധാനങ്ങളിലെ വീഴ്ചകൾ പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, കൊറോണർ ഇൻക്വസ്റ്റ് വിലപ്പെട്ട വിവരങ്ങൾ നൽകുമെന്നും, ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രീമിയർ എബി മറുപടി നൽകി.
