Thursday, April 23, 2026

ശ്രീലങ്കൻ ധനകാര്യ മന്ത്രാലയത്തിൽ വൻ സൈബർ ഹാക്കിങ്; 2.5 മില്യൺ ഡോളർ നഷ്ടപ്പെട്ടതായി സ്ഥിരീകരണം

കൊളംബോ: ശ്രീലങ്കൻ ധനകാര്യ മന്ത്രാലയത്തിന്റെ പേയ്‌മെന്റ് സംവിധാനം ഹാക്ക് ചെയ്ത് 2.5 മില്യൺ യുഎസ് ഡോളർ തട്ടിയെടുത്തതായി സർക്കാർ സ്ഥിരീകരിച്ചു. നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി ധനകാര്യ മന്ത്രാലയ സെക്രട്ടറി ഹർഷണ സൂര്യപ്പെരുമ അറിയിച്ചു.

മന്ത്രാലയത്തിന്റെ ഇമെയിൽ സംവിധാനം വഴിയാണ് ഹാക്കിംഗ് നടന്നത്. വിദേശ കടം തിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായി നൽകേണ്ടിയിരുന്ന തുകയാണ് ഹാക്കറുടെ അക്കൗണ്ടിലേക്ക് പോയത്. 2025 സെപ്റ്റംബറിൽ നൽകേണ്ടിയിരുന്ന വലിയൊരു തുകയുടെ ഭാഗമായ 2.5 മില്യൺ ഡോളറാണ് 2025 ഡിസംബറിനും 2026 ജനുവരി 31-നും ഇടയിലായി ചോർത്തപ്പെട്ടത്. ഓസ്‌ട്രേലിയൻ സർക്കാരിന് നൽകേണ്ട പണമിടപാടിലാണ് ക്രമക്കേട് നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയമിച്ചു. ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് ശ്രീലങ്കൻ അധികൃതർ അന്വേഷണം നടത്തുന്നത്. ഔദ്യോഗിക സ്ഥിരീകരണം വരുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. പണം ശരിയായ വ്യക്തിക്ക് ലഭിച്ചില്ലെന്നും ഹാക്കറുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും കാട്ടി പ്രതിപക്ഷം സ്പീക്കർക്ക് കത്തെഴുതുകയും ചെയ്തു.

നേരത്തെ 2026 ജനുവരിയിലും മന്ത്രാലയത്തിന്റെ സംവിധാനങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നിരുന്നതായും അന്ന് അത് തടയാൻ സാധിച്ചിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!