ലോകത്തെ മുന്‍നിര ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ വിസ്മയകരമായ കുതിപ്പുമായി ഇന്ത്യ. പ്രശസ്തമായ ബ്രാന്‍ഡ് ഫിനാന്‍സ് (Brand Finance) റിപ്പോര്‍ട്ട് പ്രകാരം, ലോകത്തെ മികച്ച 100 വാഹന ബ്രാന്‍ഡുകളില്‍ എട്ട് ഇന്ത്യന്‍ കമ്പനികള്‍ ഇടംപിടിച്ചു. ആഭ്യന്തര വിപണിയില്‍ മാത്രം ഒതുങ്ങാതെ, ആഗോളതലത്തില്‍ തനതായ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ വിജയിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ നേട്ടം.
ബ്രാന്‍ഡ് മൂല്യത്തില്‍ 17% വര്‍ദ്ധനവ് രേഖപ്പെടുത്തിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (Mahindra & Mahindra) 3.8 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെ ആഗോളതലത്തില്‍ 25-ാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. ബ്രാന്‍ഡ് കരുത്തിന്റെ കാര്യത്തില്‍ (Brand Strength Index) പത്താം സ്ഥാനത്തുള്ള മഹീന്ദ്ര, വിപണിയിലെ വിശ്വസ്തതയിലും മുന്‍പന്തിയിലാണ്. അതേസമയം, ലോകത്തിലെ ഏറ്റവും ശക്തമായ 10 ഓട്ടോ ബ്രാന്‍ഡുകളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ കമ്പനികളുണ്ട് എന്നത് രാജ്യത്തിന് അഭിമാനകരമാണ്. ഇതില്‍ റോയല്‍ എന്‍ഫീല്‍ഡ് (Royal Enfield) ബ്രാന്‍ഡ് മൂല്യം 30% വര്‍ദ്ധിപ്പിച്ച് 1.2 ബില്യണ്‍ ഡോളറിലെത്തിയതോടെ, ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ ഓട്ടോ ബ്രാന്‍ഡായി മാറി.
ടാറ്റ മോട്ടോഴ്സും മാരുതി സുസുക്കിയും ആഗോള വേദികളില്‍ ഇന്ത്യന്‍ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ടാറ്റ മോട്ടോഴ്സ് 3.3 ബില്യണ്‍ ഡോളര്‍ മൂല്യവുമായും മാരുതി സുസുക്കി 2.7 ബില്യണ്‍ ഡോളര്‍ മൂല്യവുമായും പട്ടികയില്‍ മുന്നിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള വേഗത്തിലുള്ള മാറ്റവും ശക്തമായ വിപണി തന്ത്രങ്ങളുമാണ് ടാറ്റയ്ക്ക് തുണയായത്. ഇവരെക്കൂടാതെ ടിവിഎസ് മോട്ടോര്‍ കമ്പനി, അശോക് ലെയ്ലാന്‍ഡ് എന്നിവരും മികച്ച മുന്നേറ്റം കാഴ്ചവെച്ചു. എന്നാല്‍ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ് എന്നിവരുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയത് റിപ്പോര്‍ട്ടിലെ പോരായ്മയായി.

ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഇനി കേവലം വിലക്കുറവ് കൊണ്ട് മാത്രമല്ല, അന്താരാഷ്ട്ര നിലവാരമുള്ള ഗുണമേന്മ കൊണ്ടാണ് മത്സരിക്കുന്നതെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ എം.ഡി അജിമോന്‍ ഫ്രാന്‍സിസ് വ്യക്തമാക്കി. ആഗോള ഓട്ടോമൊബൈല്‍ മേഖലയുടെ ആകെ മൂല്യം 575.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നപ്പോള്‍, അതില്‍ നിര്‍ണ്ണായക സ്വാധീനമായി ഇന്ത്യ മാറുകയാണ്. വിദേശ മണ്ണില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിലൂടെ ഇന്ത്യ ആഗോള ഓട്ടോമൊബൈല്‍ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
