മൺട്രിയോൾ: കാനഡയുടെ വരാനിരിക്കുന്ന അതിവേഗ റെയിൽ ശൃംഖലയിൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) ഒന്നിലധികം സ്റ്റേഷനുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് ആൾട്ടോ (Alto) ചീഫ് എക്സിക്യൂട്ടീവ് മാർട്ടിൻ ഇംബ്ലോ. ദ കനേഡിയൻ പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടൊറന്റോയിലെ പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ ദീർഘനാളെടുക്കുന്നതിനാൽ ഒരു സെക്കൻഡറി സ്റ്റേഷൻ കൂടി നിർമ്മിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ പദ്ധതിയനുസരിച്ച് ടൊറന്റോ, പീറ്റർബ്റോ, ഓട്ടല, ലാവൽ, മൺട്രിയോൾ, Trois-Rivières, കെബെക്ക് സിറ്റി എന്നിങ്ങനെ ഏഴ് പ്രധാന സ്റ്റോപ്പുകളാണ് ഫെഡറൽ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. പ്രത്യേക ഇലക്ട്രിക് ട്രാക്കുകളിലൂടെ മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിക്കുന്ന 72 ട്രെയിനുകളാണ് ഈ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുക. ഇത് നഗരങ്ങൾക്കിടയിലുള്ള യാത്രാസമയത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

എന്നാൽ, പദ്ധതിക്കെതിരെ കർഷകരും ചെറുകിട നിവാസികളും ഉൾപ്പെടുന്ന ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. റെയിൽ പാതകൾ ഗ്രാമീണ മേഖലകളെ വിഭജിക്കുമെന്നും നികുതിദായകരുടെ കോടിക്കണക്കിന് ഡോളർ അനാവശ്യമായി ചെലവഴിക്കുന്ന പദ്ധതിയാണിതെന്നും ഇവർ ആരോപിച്ചു. ഫെഡറൽ കൺസർവേറ്റീവ് പാർട്ടിയും പദ്ധതിക്കെതിരെ രംഗത്തുണ്ട്. സാധാരണക്കാർക്ക് പ്രയോജനമില്ലാത്ത ഈ പദ്ധതി വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ഇവരുടെ നിലപാട്.
