ടൊറന്റോ: നഗരത്തിലെ പാർക്കിങ് മീറ്ററുകളിൽ വ്യാജ ക്യുആർ (QR) കോഡുകൾ പതിപ്പിച്ച് ഡ്രൈവർമാരെ വൻ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കുന്ന സംഘം സജീവമാകുന്നതായി ടൊറന്റോ പൊലീസ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഇത്തരത്തിലുള്ള മൂന്ന് പരാതികളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി പൊലീസ് അധികൃതർ അറിയിച്ചു. പാർക്കിങ് ഫീസ് അടയ്ക്കാൻ മീറ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്ന വ്യക്തികൾ ചെന്നെത്തുന്നത് യഥാർത്ഥ വെബ്‌സൈറ്റുകളെ വെല്ലുന്ന രീതിയിലുള്ള വ്യാജ സൈറ്റുകളിലേക്കാണ്. വെറും 7 ഡോളർ നൽകേണ്ട സ്ഥാനത്ത് ഏകദേശം 2,000 ഡോളറോളം നഷ്ടപ്പെട്ട സംഭവങ്ങളാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് കോൺസ്റ്റബിൾ ലോറ ബ്രാബന്റ് പറഞ്ഞു.
പാർക്കിങ് മീറ്ററുകൾക്ക് പുറമെ ‘ബൈക്ക് ഷെയർ ടൊറന്റോ’ സൈക്കിളുകളിലും സമാനമായ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സൈക്കിളുകളിലെ ഔദ്യോഗിക ക്യുആർ കോഡുകൾക്ക് മുകളിൽ തട്ടിപ്പുകാർ വ്യാജ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതായി അധികൃതർ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. തങ്ങളുടെ സേവനത്തിനായി ക്യുആർ കോഡുകൾ വഴി പണമടയ്ക്കാൻ നേരിട്ട് ആവശ്യപ്പെടാറില്ലെന്നും, ഫോൺ ക്യാമറയ്ക്ക് പകരം ഔദ്യോഗിക ആപ്പിലെ സ്കാനർ മാത്രം ഉപയോഗിക്കണമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ ഓർമ്മിപ്പിച്ചു.

സംഭവത്തിൽ ടൊറന്റോ പൊലീസ് ഫിനാൻഷ്യൽ ക്രൈംസ് യൂണിറ്റ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ക്യുആർ കോഡുകൾ ഉപയോഗിക്കുമ്പോൾ ശാരീരികമായ പരിശോധന കൂടി നടത്തണമെന്ന് പൊലീസ് നിർദ്ദേശിച്ചു. കോഡുകൾക്ക് മുകളിൽ സ്റ്റിക്കറുകൾ ഒട്ടിച്ചതോ, ബ്രാൻഡിങ്ങിൽ മാറ്റങ്ങൾ ഉള്ളതോ ശ്രദ്ധയിൽപ്പെട്ടാൽ അവ സ്കാൻ ചെയ്യരുത്. പാർക്കിങ് മീറ്ററുകൾ, പൊതു പോസ്റ്ററുകൾ, മെയിലുകൾ എന്നിവയിലെ ക്യുആർ കോഡുകൾ വഴി പണം കൈമാറുന്നതിന് മുൻപ് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
