എഡ്മിന്റൻ: ആൽബർട്ടയിലെ വോട്ടർമാരുടെ ഔദ്യോഗിക പട്ടിക നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് ഇലക്ഷൻസ് ആൽബർട്ട. ഒരു രാഷ്ട്രീയ പാർട്ടിയോ പാർട്ടി ഭാരവാഹികളോ വ്യക്തിവിവരങ്ങൾ അടങ്ങിയ വോട്ടർ പട്ടിക ദുരുപയോഗം ചെയ്തതായാണ് സംശയിക്കുന്നത്. ആൽബർട്ടയിലെ പൗരന്മാരുടെ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങളാണ് ഈ പട്ടികയിലുള്ളത്. പ്രവിശ്യാ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ജനപ്രതിനിധികൾക്കും മാത്രമേ പാർട്ടികളിലേക്ക് അംഗങ്ങളെ ചേർക്കാനും സംഭാവന സ്വീകരിക്കാനും ഈ പട്ടിക ഉപയോഗിക്കാൻ അനുമതിയുള്ളൂ.
അന്വേഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഇലക്ഷൻസ് ആൽബർട്ട തയ്യാറായിട്ടില്ലെങ്കിലും, വ്യക്തിവിവരങ്ങൾ ചോർന്നത് ഗൗരവകരമായ കാര്യമായതിനാലാണ് വിവരം ജനങ്ങളെ അറിയിക്കുന്നതെന്ന് ഏജൻസി വ്യക്തമാക്കി. എഡ്മിന്റനിലെ ഒരു പത്രപ്രവർത്തകന്റെ റിപ്പോർട്ട് പ്രകാരം, ഡേവിഡ് പാർക്കർ നേതൃത്വം നൽകുന്ന ‘The Centurion Project’ സംഘടിപ്പിച്ച പരിപാടിയിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതായും സംഘാടകർ വോട്ടർ പട്ടിക കൈക്കലാക്കിയോ എന്ന് ചോദിച്ചതായും സൂചനയുണ്ട്. കാനഡയിൽ നിന്ന് ആൽബർട്ട വേർപിരിയുന്നതിനെ അനുകൂലിക്കുന്നവരെ സംഘടിപ്പിക്കാനാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.

അതേസമയം, ആൽബർട്ട വിഭജനത്തെ അനുകൂലിക്കുന്ന ഡേവിഡ് പാർക്കറുടെ ‘ദ സെഞ്ചൂറിയൻ പ്രോജക്ട്’ എന്ന സംഘടനയിലേക്കാണ് അന്വേഷണം നീളുന്നതെന്നാണ് സൂചനകൾ. എഡ്മിന്റനിൽ നടന്ന ഇവരുടെ യോഗത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയതായി റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന റഫറണ്ടത്തിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ലിസ്റ്റ് ഉപയോഗിച്ചോ എന്നാണ് അന്വേഷിക്കുന്നത്. എന്നാൽ, ഈ നീക്കത്തെ പരിഹസിച്ച ഡേവിഡ് പാർക്കർ, പേരുകളും വിലാസങ്ങളുമുള്ള ‘ഫോൺ ബുക്ക്’ കയ്യിൽ വെക്കുന്നത് കുറ്റമാണോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
