വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമായി തുടരുന്നതിനിടെ ഇറാനെതിരെ കര്‍ശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഉടന്‍ ഒരു കരാറിലെത്തിയേക്കുമെന്നും അല്ലാത്തപക്ഷം അവരെ തകര്‍ക്കുമെന്നും ട്രംപ് പ്രസ്താവിച്ചു. യുദ്ധവിരാമം ലക്ഷ്യം വെച്ച് പാകിസ്താന് മുഖേന ഇറാന് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് ട്രംപിന്റെ ഈ പ്രതികരണം. ഇറാന് ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തനിക്ക് സ്വീകാര്യമല്ലെന്നും എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന് ഒരു ഉടമ്പടിയില്‍ എത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് തനിക്കറിയാമെന്നും എന്നാല്‍ അവര്‍ നല്കിയ നിര്‍ദേശങ്ങളില്‍ താന്‍ തൃപ്തനല്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന് ഭരണനേതൃത്വത്തിനുള്ളില്‍ വലിയ ഭിന്നതകളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നതായാണ് തനിക്ക് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി പുതിയവ കൈമാറാന്‍ ഇറാന് തയ്യാറാകണം. ഇറാന് അല്പം ആശയക്കുഴപ്പത്തിലാണെങ്കിലും ചര്‍ച്ചകള്‍ തുടരട്ടെ എന്നാണ് ട്രംപിന്റെ നിലപാട്. ഇരുകൂട്ടരും തമ്മില്‍ നേരത്തെ സമാധാന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ആണവശേഖരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാന് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രയേല്‍ ആക്രമണം അറുപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രസിഡന്റിന് നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവാദമുള്ള 60 ദിവസത്തെ നിയമപരമായ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാട് പശ്ചിമേഷ്യയുടെ ഭാവിയില്‍ അതീവ നിര്‍ണ്ണായകമാകും. മേഖലയില്‍ സംഘര്‍ഷം അനുനിമിഷം വര്‍ദ്ധിച്ചു കൊണ്ടിരിക്കെ രാജ്യാന്തര സമൂഹം വലിയ ആശങ്കയോടെയാണ് ട്രംപിന്റെ പ്രസ്താവനയെ നോക്കിക്കാണുന്നത്.
