വാഷിങ്ടണ്‍ ഡി.സി: അമേരിക്കയില്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ വീസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ട്രംപ് ഭരണകൂടം ഉത്തരവിട്ടു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍, വിദേശ ഡോക്ടര്‍മാരുടെ വീസ നടപടികള്‍ പുനരാരംഭിക്കാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് അനുമതി നല്കി. 39 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വീസ നിയന്ത്രണങ്ങളില്‍ നിന്നാണ് ഡോക്ടര്‍മാരെ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്ന യാത്രാ വിലക്കിനെത്തുടര്‍ന്ന് വീസ പുതുക്കലുകളും ഗ്രീന്‍ കാര്‍ഡ് അപേക്ഷകളും തടസ്സപ്പെട്ടിരുന്നത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു.
അമേരിക്കയിലെ ആരോഗ്യ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി കണക്കിലെടുത്താണ് ഭരണകൂടത്തിന്റെ ഈ പിന്മാറ്റം. യുഎസിലെ ഡോക്ടര്‍മാരില്‍ നാലിലൊന്നും വിദേശത്ത് പരിശീലനം നേടിയവരാണ് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, വീസ നിയന്ത്രണങ്ങള്‍ രാജ്യത്തെ ചികിത്സാ സംവിധാനങ്ങളെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടു. വിദേശ ഡോക്ടര്‍മാരില്‍ 64 ശതമാനവും സേവനമനുഷ്ഠിക്കുന്നത് ഗ്രാമീണ മേഖലകളിലും ഡോക്ടര്‍മാരുടെ കുറവുള്ള വിദൂര പ്രദേശങ്ങളിലുമാണ്. നിയന്ത്രണം തുടരുന്നത് ആരോഗ്യരംഗത്തെ തകര്‍ക്കുമെന്ന് വിവിധ മെഡിക്കല്‍ സംഘടനകള്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പുതിയ ഉത്തരവ് പുറത്തുവന്നതോടെ വിദേശ ഡോക്ടര്‍മാര്‍ക്ക് അമേരിക്കന്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നതിനായുള്ള വീസകള്‍ ഇനി തടസ്സമില്ലാതെ ലഭിക്കും. യാത്രാ വിലക്കില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാണ് നല്‍കുന്നത്. ഗ്രാമീണ മേഖലകളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനും ഈ ഇളവ് സഹായിക്കുമെന്ന് കരുതപ്പെടുന്നു.
