Tuesday, May 5, 2026

ഇറാന്‍ യുദ്ധം തിരിച്ചടിച്ചു; രൂപ റെക്കോഡ് ഇടിവില്‍

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക് താഴ്ന്നു. ഇറാന്‍ യുദ്ധം പരിഹാരമില്ലാതെ തുടരുന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നത്. ഇന്ന് ഡോളറിന് 95.39 എന്ന നിരക്കിലേക്കാണ് രൂപ ഇടിഞ്ഞത്. യുദ്ധം നീണ്ടുപോകുന്നത് എണ്ണ ഇറക്കുമതിയെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 95.33 എന്ന ഏറ്റവും കുറഞ്ഞ നിരക്കിനേക്കാള്‍ താഴെയാണ് ഇപ്പോഴത്തെ മൂല്യം.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് ആഗോള ഊര്‍ജ്ജ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായത്. ചരക്ക് കപ്പലുകള്‍ കടലിടുക്കില്‍ കുടുങ്ങിയത് എണ്ണയുടെ സുഗമമായ ഒഴുക്കിനെ ബാധിച്ചു. ഹോര്‍മുസില്‍ കുടുങ്ങിയ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ‘പ്രോജക്ട് ഫ്രീഡം’ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, എണ്ണവിലയിലെ അനിശ്ചിതത്വം തുടരുകയാണ്. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഫിലിപ്പീന്‍ പെസോ, ഇന്തോനേഷ്യന്‍ റുപ്പിയ തുടങ്ങിയ കറന്‍സികളും മൂല്യത്തകര്‍ച്ച നേരിടുന്നുണ്ട്.

രൂപയുടെ മൂല്യമിടിവും എണ്ണവില വര്‍ധനവും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കാനും പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നു. ഇതിനിടെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 414 പോയിന്റ് ഇടിഞ്ഞ് 76,855.29 ലേക്കും നിഫ്റ്റി 135 പോയിന്റ് താഴ്ന്ന് 23,984 ലേക്കും എത്തി. വിദേശ നിക്ഷേപകര്‍ ഇതിനകം 20 ബില്യണ്‍ ഡോളറിന്റെ ആസ്തികളാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിറ്റഴിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!