ടൊറന്റോ: നഗരത്തിൽ വിവിധ സ്കൂളുകൾക്ക് നേരെ ഫോൺ വഴി ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. ചൊവ്വാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബ്രൂസ് ജൂനിയർ പബ്ലിക് സ്കൂൾ, സെന്റ് അഗസ്റ്റിൻ സെമിനാരി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയുമാണ് മാറ്റിയത്. എല്ലാ ഭീഷണി സന്ദേശങ്ങളും ഒരാൾ തന്നെ നൽകിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നിലവിൽ ലഭിച്ച ഭീഷണി സന്ദേശങ്ങൾ വിശ്വസനീയമാണെന്ന് കരുതാൻ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എങ്കിലും സംഭവത്തിൽ ഊർജിതമായ അന്വേഷണം തുടരുകയാണെന്നും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പൊലീസിന്റെ പ്രത്യേക സംഘം സ്കൂളുകളിൽ പരിശോധന നടത്തിവരികയാണ്.
