ന്യൂഡൽഹി: ഹൈദരാബാദിൽ നിന്ന് ചണ്ഡീഗഢിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. ലാൻഡിങ്ങിന് പിന്നാലെയായിരുന്നു സംഭവം. വിമാനം റൺവേയിൽ ആയിരിക്കെ യാത്രക്കാർ പുറത്തിറങ്ങാൻ കാത്തുനിൽക്കുന്ന സമയത്താണ് പുക ഉയർന്നത്. രണ്ട് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാർ ഉടൻ തന്നെ തീ അണയ്ക്കുകയും യാത്രക്കാരെ സുരക്ഷിതമായി ടെർമിനലിലേക്ക് മാറ്റുകയും ചെയ്തു.
2026 മെയ് 5-ന് നടന്ന സംഭവത്തിൽ 6E 108 വിമാനത്തിലെ 39C സീറ്റിലിരുന്ന യാത്രക്കാരന്റെ പവർ ബാങ്കിനാണ് തീപിടിച്ചതെന്ന് ഡിജിസിഎ (DGCA) സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്തിലെ ആറ് എമർജൻസി സ്ലൈഡുകളും ഉപയോഗിച്ചാണ് അടിയന്തര ഒഴിപ്പിക്കൽ നടത്തിയത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും വിമാനം വിശദമായ പരിശോധനകൾക്ക് വിധേയമാക്കുമെന്നും ഇൻഡിഗോ വക്താവ് അറിയിച്ചു.

ലിഥിയം ബാറ്ററികൾ അടങ്ങിയ പവർ ബാങ്കുകൾ വിമാന യാത്രയിൽ വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇത്തരം ബാറ്ററികൾക്ക് തീപിടിക്കുന്നത് ഇലക്ട്രോണിക് ഉപകരണങ്ങൾ പൊട്ടിത്തെറിക്കാൻ വരെ കാരണമായേക്കാം. നിലവിലെ നിയമപ്രകാരം പവർ ബാങ്കുകൾ ചെക്ക്-ഇൻ ലഗേജുകളിൽ അനുവദനീയമല്ലെന്നും ക്യാബിൻ ലഗേജുകളിൽ ഇവ കൊണ്ടുപോകുന്നതിന് നിശ്ചിത നിയന്ത്രണങ്ങളുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
