ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്ന് 37 ആയി വർദ്ധിപ്പിക്കാനുള്ള സുപ്രധാന നിർദ്ദേശത്തിന് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് ഉൾപ്പെടാതെ ഇതോടെ ജഡ്ജിമാരുടെ എണ്ണം 37 ആകും. ആറ് വർഷത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ അംഗബലം വർദ്ധിപ്പിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കുന്നത്. കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കുകയും നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് ഭേദഗതി. നിലവിൽ സുപ്രീം കോടതിയിൽ 92,000-ത്തിലധികം കേസുകൾ കെട്ടിക്കിടപ്പുണ്ടെന്നാണ് കണക്കുകൾ. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ‘സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026’ പാർലമെന്റിൽ അവതരിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 124(1) പ്രകാരം, പാർലമെന്റിന് നിയമനിർമ്മാണത്തിലൂടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കാൻ അധികാരമുണ്ട്. 1956-ലെ സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ അംഗബലം പ്രാബല്യത്തിൽ വരിക. 1956-ൽ നിയമം നടപ്പിലാക്കുമ്പോൾ ചീഫ് ജസ്റ്റിസിനെ കൂടാതെ 10 ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നത്. ഇത് പിന്നീട് 1960-ൽ 13 ആയും, 1977-ൽ 17 ആയും വർദ്ധിപ്പിച്ചു. 1986-ൽ അംഗബലം 25 ആയും, 2008-ൽ 30 ആയും മാറി. ഏറ്റവും ഒടുവിലായി 2019-ലാണ് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 30-ൽ നിന്ന് 33 ആയി പാർലമെന്റ് വർദ്ധിപ്പിച്ചത്.
