വാഷിങ്ടൺ/കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഉജ്ജ്വല വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബിജെപിയുടെ വിജയം ചരിത്രപരവും സുപ്രധാനവുമാണെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ബംഗാളിലെ ചരിത്രപരവും നിർണ്ണായകവുമായ വിജയത്തിൽ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയെ അഭിനന്ദനം അറിയിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പറഞ്ഞു. കഴിഞ്ഞ മാസം ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിൽ, മോദിയുടെ നേതൃത്വത്തെ ട്രംപ് പ്രശംസിച്ചിരുന്നതായും അദ്ദേഹത്തെപ്പോലൊരു നേതാവിനെ ലഭിച്ചതിൽ ഇന്ത്യക്കാർ ഭാഗ്യവാൻമാരാണെന്ന് പറഞ്ഞതായും വക്താവ് കൂട്ടിച്ചേർത്തു. ബംഗാളിൽ 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി വൻ വിജയം രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.

അതേസമയം, കഴിഞ്ഞ 15 വർഷമായി ഭരണം നടത്തിയിരുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങി. സ്വന്തം തട്ടകമായ ഭവാനിപൂരിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് മമതാ ബാനർജി പരാജയപ്പെട്ടത് തൃണമൂലിന് വലിയ തിരിച്ചടിയായി. അതേ സമയം തിരഞ്ഞെടുപ്പ് ഫലം ‘ഗൂഢാലോചന’യാണെന്ന് ആരോപിച്ച മമത, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറായിട്ടില്ല. ഭരണഘടനാപരമായി ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തിൽ ബംഗാളിൽ പുതിയ സർക്കാർ ഉടൻ നിലവിൽ വരും. സുവേന്ദു അധികാരിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥികളിൽ മുൻനിരയിലുള്ളത്. സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ, അഗ്നിമിത്ര പോൾ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മെയ് 9-ന് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ.
