Tuesday, May 5, 2026

കാനഡയുടെ പുതിയ ഗവർണർ ജനറലായി ലൂയിസ് ആർബർ; നിയമനം ജൂണിൽ

ഓട്ടവ: റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജി ലൂയിസ് ആർബറിനെ കാനഡയുടെ അടുത്ത ഗവർണർ ജനറലായി നാമനിർദ്ദേശം ചെയ്ത് പ്രധാനമന്ത്രി മാർക്ക് കാർണി. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ നിയമവിദഗ്ധയായ ഇവർ യുഎൻ മനുഷ്യാവകാശ കമ്മീഷണറായും ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ചീഫ് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുഗോസ്ലാവിയ, റുവാണ്ട എന്നിവിടങ്ങളിലെ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്ത ആർബർ, അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രത്തലവനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ചരിത്രം കുറിച്ച വ്യക്തിയാണ്.

കാനഡയുടെ 31-ാമത് ഗവർണർ ജനറലായി ജൂൺ ആദ്യവാരം ആർബർ ചുമതലയേൽക്കും. രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തബോധം നൽകാൻ ലൂയിസ് ആർബറിന്റെ സാന്നിധ്യം സഹായിക്കുമെന്ന് പ്രധാനമന്ത്രി കാർണി പറഞ്ഞു. കാനഡയിലെ പരമാധികാരിയുടെ പ്രതിനിധിയായ ഗവർണർ ജനറൽ സാധാരണയായി അഞ്ച് വർഷത്തെ കാലാവധിയാണ് വഹിക്കുന്നത്. ശക്തമായ സ്ഥാപനങ്ങളും നിയമവാഴ്ചയുമാണ് കാനഡയുടെ അടിത്തറയെന്നും സമത്വഭാവത്തോടെ രാജ്യത്തിനായി പ്രവർത്തിക്കുമെന്നും നിയമനത്തിന് പിന്നാലെ ആർബർ പ്രതികരിച്ചു.

കാനഡയിലെ ആദ്യ ഇൻഡിജിനസ് ഗവർണർ ജനറലായ മേരി സൈമൺ പകരമാണ് ലൂയിസ് ആർബർ എത്തുന്നത്. മേരി സൈമൺ ഇംഗ്ലീഷിലും ഇനുക്റ്റ്യൂട്ടിലും പ്രാവീണ്യമുള്ളയാളാണെങ്കിലും ഫ്രഞ്ച് ഭാഷയിൽ വേണ്ടത്ര പ്രാവിണ്യമില്ലാത്തത് നേരത്തെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, കാനഡയുടെ രണ്ട് ഔദ്യോഗിക ഭാഷകളിലും (ഇംഗ്ലീഷ്, ഫ്രഞ്ച്) ഒരേപോലെ പ്രാവീണ്യമുള്ള വ്യക്തിയെത്തന്നെ ഗവർണർ ജനറലായി നിയമിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഉറപ്പുനൽകിയിരുന്നു. 79-കാരിയായ ആർബർ ഇരുഭാഷകളിലും പ്രാവീണ്യമുള്ള വ്യക്തിയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!