ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിജയ്ക്ക് കോൺഗ്രസ് പിന്തുണ ലഭിക്കുമെന്നാണ് സൂചന. പിന്തുണ തേടി വിജയ് സമീപിച്ചെന്ന് അറിയിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തമിഴ്‌നാട് കോൺഗ്രസിനോട് നിർദേശിച്ചിരുന്നു. ഹൈക്കമാൻഡ് എതിർപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസ് തമിഴ്‌നാട് നേതൃത്വം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. ബുധനാഴ്ച തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി യോഗംചേരും. ഇതിലാകും തീരുമാനം.
ബിജെപിയും അവരുടെ പ്രതിനിധികളും ഒരു കാരണവശാലും തമിഴ്നാട് ഭരിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും തമിഴ്നാട്ടിലെ ജനവിധി മതേതര സർക്കാരിന് വേണ്ടിയുള്ളതാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ട ടി.വി.കെ. 107 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടിയിരുന്നില്ല. അഞ്ചു സീറ്റുള്ള കോൺഗ്രസിന്റെയും ചെറു കക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനാണ് വിജയ്‌യുടെ ശ്രമം. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. കോൺഗ്രസിന്റെ പിന്തുണകൊണ്ട് മാത്രം വിജയ്ക്ക് സർക്കാർ രൂപീകരിക്കാനാകില്ല. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച സി.പി.എം., സി.പി.ഐ., മുസ്ലിം ലീഗ്, വി.സി.കെ., ഡി.എം.ഡി.കെ. കക്ഷികൾക്ക് രണ്ടുസീറ്റുവീതം ലഭിച്ചിട്ടുണ്ട്. ഇവരുടെ പിന്തുണ വിജയ്ക്ക് ലഭിക്കുമോ എന്നത് വ്യക്തമല്ല.
