ടൊറന്റോ: നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള 15 സ്കൂളുകൾക്ക് ചൊവ്വാഴ്ച ഫോൺ വഴി ബോംബ് ഭീഷണി ലഭിച്ചതായി ടൊറന്റോ പോലീസ് അറിയിച്ചു. ഒരേ വ്യക്തി തന്നെയാണ് എല്ലാ സ്കൂളുകളിലേക്കും ഭീഷണി സന്ദേശം അയച്ചതെന്നാണ് പ്രാഥമിക നിഗമനം. ഭീഷണിയെത്തുടർന്ന് ബ്രൂസ് ജൂനിയർ പബ്ലിക് സ്കൂൾ, സെന്റ് അഗസ്റ്റിൻ സെമിനാരി എന്നീ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഉടൻ ഒഴിപ്പിച്ചു.

പൊലീസ് സംഘം സ്കൂളുകളിൽ വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. ഭീഷണി ഒഴിഞ്ഞതോടെ വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക് മടങ്ങി. ഭീഷണി മുഴക്കിയ ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിളിച്ചത് ആരാണെന്ന് നിലവിൽ വ്യക്തമല്ലെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
